ജെറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജെറുസലേമില്‍ ഒത്തുകൂടി ഇസ്രഈലി ബന്ദികളുടെ കുടുംബങ്ങള്‍. ഒരു വര്‍ഷത്തിനിപ്പുറവും നെതന്യാഹു തങ്ങളെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബങ്ങള്‍ സംഘം ചേര്‍ന്നത്.
ഗസയിലെ യുദ്ധം ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ബന്ദികളുടെ കുടുംബങ്ങള്‍ നെതന്യാഹുവിനെതിരായ പ്രതിഷേധം കടുപ്പിക്കുന്നത്.
ബന്ദികളാക്കപ്പെട്ടവരുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ നെതന്യാഹുവിനെതിരെ പ്രകടനം നടത്തിയത്. കണക്കുകള്‍ പ്രകാരം ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ തടങ്കലില്‍ ഏകദേശം 100 ഇസ്രഈലികള്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബന്ദി കൈമാറ്റം സംബന്ധിച്ച കരാറുകള്‍ ഇസ്രഈല്‍ അംഗീകരിക്കാത്തതിനാലാണ് ബന്ദികള്‍ കൊല്ലപ്പെടുന്നതെന്ന് കുടുംബങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഗസയിലെ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പൂര്‍ണമായും പ്രദേശത്ത് നിന്ന് പിന്‍വലിക്കുകയും ചെയ്താല്‍ ബന്ദികളെ വിട്ടുനല്‍കുമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇസ്രഈല്‍ വിസമ്മതിച്ചതിനാലാണ് ബന്ദികള്‍ മരണപ്പെട്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. എന്നാല്‍ ഹമാസിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഇസ്രഈല്‍ തള്ളുകയായിരുന്നു.
അതേസമയം ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രഈലികള്‍ റഫയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നെതന്യാഹുവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
പതിനായിരക്കണക്കിന് ഇസ്രഈല്‍ പൗരന്മാരാണ് നെതന്യാഹുവിനെതിരെ തെരുവിലിറങ്ങിറങ്ങിയത്. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗസയുടെ അതിര്‍ത്തി നഗരമായ റഫയിലെ ഒരു തുരങ്കത്തില്‍ നിന്നാണ് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ വംശജനായ ഇസ്രഈല്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്ബര്‍ഗ്-പോളിന്‍, കാര്‍മല്‍ ഗാറ്റ്, ഏദന്‍ യെരുശാല്‍മി, അലക്‌സാണ്ടര്‍ ലോബനോവ്, അല്‍മോഗ് സര്‍സുയി, ഓറി ഡോനിനോ എന്നിവരാണ് കൊല്ലപ്പെട്ട ബന്ദികള്‍.
പ്രതിഷേധമുയര്‍ന്നതോടെ നെതന്യാഹു രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതികരിച്ചിരുന്നു. ഹമാസ് വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അവര്‍ ബന്ദികളെ കൊലപ്പെടുത്തിയതെന്നുമാണ് നെതന്യാഹു പ്രതികരിച്ചത്. അതുകൊണ്ട് കൊലപാതകത്തിന് ഹമാസ് കണക്ക് പറയേണ്ടി വരുമെന്നും അവരുടെ അന്ത്യം കാണുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.