കുമ്മനം ഗോ ബാക്ക്; ഗവര്‍ണറായതിനുശേഷവും കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം തുടരുന്നു
National
കുമ്മനം ഗോ ബാക്ക്; ഗവര്‍ണറായതിനുശേഷവും കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st June 2018, 10:12 am

ഐസോള്‍: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കുമ്മനം രാജശേഖരനെതിരെ വീണ്ടും പ്രതിഷേധ ക്യംപെയ്‌നുമായി പ്രിസം (പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം). മതേതരത്വ വിരുദ്ധ നിലപാടുള്ള ആളാണ് കുമ്മനമെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ആര്‍.എസ്.എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും കടുത്ത പ്രചാരകനും പ്രവര്‍ത്തകനുമായ കുമ്മനം മിസോറാം ഗവര്‍ണറാകുന്നു എന്നത് തങ്ങളെ ആശങ്കാകുലരാക്കുന്നവെന്നും പ്രിസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നിലയ്ക്കലില്‍ 1983 ല്‍ നടന്ന ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷത്തില്‍ പങ്കുള്ളയാളാണ് കുമ്മനമെന്നും പ്രിസം ആരോപിച്ചു. പ്രിസം പ്രസിഡണ്ട് വന്‍ലാല്രുവാത്തയും ജനറല്‍ സെക്രട്ടറി ലാല്രാനിന്‍സുവാലയും സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലാണ് കുമ്മനത്തെ ഗവര്‍ണറായി തുടരാന്‍ അനുവദിക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: നിപ വൈറസ്; ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

അഴിമതിക്കെതിരെ രൂപീകരിക്കപ്പെട്ട സംഘടനയായ പ്രിസം പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയായിരുന്നു. 87 ശതമാനവും ക്രിസ്ത്യാനികളുളള സംസ്ഥാനത്ത് രാജശേഖരനെപ്പോലെയുള്ള
തീവ്ര ഹിന്ദുത്വവാദിയെ നിയമിക്കരുത് എന്നാണ് ക്രിസ്ത്യന്‍ ഇന്‍ മിസോറാം പ്രസ്താവനയില്‍ ആവശ്യപ്പെടുന്നത്.

വൈദികനായിരുന്ന ജോസഫ് കൂപ്പറെ ആക്രമിച്ചതിലെ പ്രധാനപ്രതിയായ കുമ്മനം സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്നത് 87 ശതമാനവും ക്രിസ്ത്യാനികളുള്ള മിസോറാമിന് വെല്ലുവിളിയായിരിക്കുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കുന്നതിനായുള്ള ക്യാംപെയ്‌ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും ക്രിസ്ത്യന്‍ സംഘടനകളുടേയും എന്‍.ജി.ഒകളുടേയും സഹകരണം ആവശ്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

ALSO READ:  ഇടതുപക്ഷത്തിന്റെ അടിത്തറയിളക്കുമെന്നു പറഞ്ഞ ബി.ജെ.പിയ്ക്കുള്ള മറുപടിയാണ് ചെങ്ങന്നൂരിലെ വിജയം: സീതാറാം യെച്ചൂരി

“ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകന്‍ ഹിന്ദു ഐക്യവേദി, വി.എച്ച്.പി സംഘടനകളുമായി അടുത്ത ബന്ധമുള്ള ആള്‍ എന്നീ നിലകളില്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിക്ക് അനുയോജ്യനല്ല” എന്നാണ് പ്രിസം ചൂണ്ടിക്കാട്ടുന്നത്. കുമ്മനം രാജശേഖരന് പകരം ഭേദപ്പെട്ട മനസുള്ള ഒരാളെ ഗവര്‍ണറായി നിയമിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ഇവര്‍ ആവശ്യപ്പെടുകയാണെന്നും ഇവര്‍ വ്യക്തമാക്കി.

ഒരു രാഷ്ട്രീയക്കാരനാണ് കുമ്മനം എന്നതിനാല്‍ അദ്ദേഹത്തെ ഗവര്‍ണറായി നിയമിക്കുന്നത് മിസോറാമിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നും പ്രിസം ചൂണ്ടിക്കാട്ടി.

WATCH THIS VIDEO: