തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ച നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഗവര്‍ണര്‍ക്കെതിരെ രാജ്ഭവനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസിന് ജലപീരങ്കി ഉപയോഗിക്കേണ്ടി വന്നു.
നേരത്തെ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഗവര്‍ണറുടെ നടപടിയില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. അസാധാരണമായ സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
‘കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ നിയമസഭ സമ്മേളന ചേരാനുള്ള ക്യാബിനറ്റിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിട്ടില്ല. ഏത് സാഹചര്യമായാലും നിയമസഭാ സമ്മേളനത്തിന് അനുവാദം കൊടുക്കേണ്ടതാണ്. അത് അദ്ദേഹത്തിന്റെ കടമയാണ്. ഗുരുതര സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചിരിക്കുന്നത്’, സുനില്‍കുമാര്‍ പറഞ്ഞു.
അതേസമയം ഗവര്‍ണറുടെ നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും തള്ളുകയായിരുന്നു.
നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്. ബുധനാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്.
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. മറ്റൊരവസരത്തിലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക