ഇത്തവണയും അഗസ്ത്യാര്‍കുടത്തില്‍ സ്ത്രീകളെ വിലക്കി സര്‍ക്കാര്‍: അഗസ്ത്യകൂടത്തില്‍ കയറുമെന്ന് പ്രഖ്യാപിച്ച് ജനുവരി 26-ന് ബോണക്കാട് ഒത്തുകൂടുമെന്ന് സ്ത്രീകള്‍
Gender Equity
ഇത്തവണയും അഗസ്ത്യാര്‍കുടത്തില്‍ സ്ത്രീകളെ വിലക്കി സര്‍ക്കാര്‍: അഗസ്ത്യകൂടത്തില്‍ കയറുമെന്ന് പ്രഖ്യാപിച്ച് ജനുവരി 26-ന് ബോണക്കാട് ഒത്തുകൂടുമെന്ന് സ്ത്രീകള്‍
ജിന്‍സി ടി എം
Tuesday, 23rd January 2018, 5:41 pm
തിരുവനന്തപുരം: അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തില്‍ സ്ത്രീകളെ വിലക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ജനുവരി 26-ന് ബോണക്കാട് ഒത്തുകൂടുമെന്ന് സ്ത്രീ കൂട്ടായ്മകള്‍. തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണിതെന്നും തങ്ങള്‍ അഗസ്ത്യാര്‍കുടത്തില്‍ കയറുമെന്നുമെന്നും സ്ത്രീകൂട്ടായ്മ പ്രതിനിധികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ഇത്തവണയും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ജനുവരി 21-ന് പെണ്ണൊരുമ, അന്വേഷി, വിംഗ്‌സ് തുടങ്ങിയ സ്ത്രീ സംഘടനകള്‍ ഒരുമിച്ചു കൂടുകയും അഗസ്ത്യകൂടത്തിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്ന ബോണക്കാട് ജനുവരി 26-ന് ഒത്തുകൂടി പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
“സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവര്‍ ജനുവരി 26-ന് ബോണക്കാട് ഒത്തുകൂടും. ഭരണഘടന നിലവില്‍ വന്ന ദിവസം എന്ന നിലയിലാണ് ജനുവരി 26 തീരുമാനിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംസ്ഥാനസര്‍ക്കാറും വനംവകുപ്പും നിഷേധിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഞങ്ങളുടെ  ഭരണഘടനാപരമായ അവകാശമാണിതെന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം അവിടെവെച്ച് ഞങ്ങള്‍ അഗസ്ത്യാര്‍കൂടത്തില്‍ കയറും എന്ന് തീരുമാനമെടുക്കുകയും ചെയ്യും.” യോഗത്തില്‍ പങ്കെടുത്ത പെണ്ണൊരുമ പ്രവര്‍ത്തക സുള്‍ഫത്ത് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
അഗസ്ത്യകൂട ട്രക്കിങ്ങിന് സ്ത്രീകളെ വിലക്കുന്നതിനെതിരെ 2016-ല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാര്‍ വിലക്ക് വിവേചനമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ആരോപിച്ച് പെണ്‍കുട്ടായ്മകള്‍ മുന്നോട്ടുവന്നതിനെ തുടര്‍ന്ന് സ്ത്രീകളെ വിലക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ആ വര്‍ഷം ട്രക്കിങ്ങുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീയായതിനാല്‍ സ്ത്രീകള്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് 2017-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന നിലപാടില്‍ വനംവകുപ്പ് എത്തിച്ചേരുകയും 51 സ്ത്രീകളെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രക്കിങ് ആരംഭിക്കുന്നതിനു മുമ്പ് ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് യാത്ര നടത്താന്‍ കഴിഞ്ഞിരുന്നില്ല.
കാണി വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് യാത്ര നടക്കേണ്ടതിനു രണ്ടുദിവസം മുമ്പ് കോടതി ഇത് സ്‌റ്റേ ചെയ്യുകയായിരുന്നെന്നും ട്രക്കിങ്ങിനായി തയ്യാറായ 51 പേരിലുള്‍പ്പെട്ട മീന ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
Image result for അഗസ്ത്യാര്‍കുടത്തില്‍ സ്ത്രീകളെ
പിന്നീട്, സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നു പറഞ്ഞ് കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. “14 വയസിനു മുകളില്‍ പ്രായമുള്ള കാട്ടിലൂടെ ദീര്‍ഘദൂരം നടക്കാന്‍ മാനസികമായും ശാരീരികമായും ആരോഗ്യമുള്ള സ്ത്രീകളെ മാത്രമേ ട്രക്കിങ്ങിന് അനുവദിക്കൂ. ഇക്കാര്യം വനംവകുപ്പിന്റെ വിവേചനാധികാരത്തിനു വിട്ടുകൊടുക്കുന്നു. നിലവിലെ നിയമം അനുസരിച്ച് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളേയും ട്രക്കിങ്ങിന് അനുവദിക്കും. മൃഗങ്ങളെ ആകര്‍ഷിക്കുന്ന, അസ്വസ്ഥരാക്കുന്ന തരത്തിലുള്ള കളര്‍ഫുള്‍ വസ്ത്രം അനുവദനീയമല്ല. കാക്കി, ബ്രൗണ്‍, പച്ച തുടങ്ങിയ നിറങ്ങളാണ് അനുയോജ്യം. അഞ്ചംഗങ്ങള്‍ വരെയുള്ള ട്രക്കിങ് ഗ്രൂപ്പിന് രണ്ട് വനിതാ ഗാര്‍ഡുകളും ഒരു പുരുഷ ഗാര്‍ഡും ഉണ്ടാവും. ഇവരുടെ ശമ്പളം ട്രക്കേഴ്‌സ് മുന്‍കൂറായി നല്‍കണം. അഞ്ചില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ രണ്ട് വനിതാ ഗാര്‍ഡുകളും രണ്ട് പുരുഷ ഗാര്‍ഡുകളും ഉണ്ടാവണം. ” തുടങ്ങിയ നിര്‍ദേശങ്ങളാണ് 2017 നവംബര്‍ 23-ന് കോടതി വനംവകുപ്പിന് നല്‍കിയ ഉത്തരവില്‍ മുന്നോട്ടുവെച്ചത്.
എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാവാത്തതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകുന്നത് നീണ്ടുപോകുകയായിരുന്നുവെന്നാണ് മീന പറയുന്നത്. “കോടതി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല. ” അവര്‍ വിശദീകരിക്കുന്നു.
Agasthya Hill.
ഇതിനിടെയാണ്, 2018-ലെ ട്രക്കിങ്ങിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നത്. “സ്ത്രീകള്‍ക്കും 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ട്രെക്കിങ്ങിനായി അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.” എന്നാണ് ട്രക്കിങ്ങിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2014 ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെയാണ് ഈ വര്‍ഷത്തെ ട്രക്കിങ് സമയം.
എന്തുകൊണ്ടാണ് ഇത്തവണയും സ്ത്രീകള്‍ക്ക് ട്രക്കിങ്ങിന് അനുവാദം നല്‍കാത്തത് എന്നു ചോദിച്ചപ്പോള്‍ “ആരുപറഞ്ഞ് നല്‍കിയിട്ടില്ലെന്ന്” എന്നായിരുന്നു വനംമന്ത്രി കെ. രാജു ഡൂള്‍ന്യൂസിനോടു പ്രതികരിച്ചത്. സര്‍ക്കാര്‍ സര്‍ക്കുലറിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ മന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.
സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് ന്യായീകരണമായി സര്‍ക്കാര്‍ ആദ്യം പറഞ്ഞത് സുരക്ഷാ പ്രശ്‌നങ്ങളാണെന്നാണ് സ്ത്രീ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. “സ്ത്രീകള്‍ക്ക് സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലെന്നും ടോയ്‌ലറ്റ് പോലുള്ള സൗകര്യങ്ങളില്ലെന്നുമൊക്കെയാണ് സര്‍ക്കാര്‍ വിലക്കിന് ന്യായീകരണമായി ആദ്യം പറഞ്ഞത്. എന്നാല്‍ നിലവില്‍ പുരുഷന്മാര്‍ക്കു ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ മതിയെന്നു പറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് ശാരീരികക്ഷമത കുറവാണെന്നും കായികശേഷിയില്ലെന്നുമൊക്കെ ന്യായങ്ങള്‍ നിരത്തി. അതിനെയും ചോദ്യം ചെയ്തതോടെയാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്.” മീന പറയുന്നു.
Image result for വനംമന്ത്രി കെ. രാജു

വനംമന്ത്രി കെ. രാജു

അഗസ്ത്യാര്‍കുട പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആദ്യം സര്‍ക്കാര്‍ പറഞ്ഞത് പത്തുസ്ത്രീകളെ പരീക്ഷണാടിസ്ഥാനത്തില്‍ കയറ്റാമെന്നാണെന്ന് സുള്‍ഫത്ത് പറയുന്നു. “ഞങ്ങള്‍ അതിനെ എതിര്‍ക്കുകയും പരീക്ഷണാടിസ്ഥാനത്തില്‍ കയറേണ്ടവരല്ല ഞങ്ങള്‍ എന്നുറപ്പിച്ചു പറയുകയും ചെയ്തു. ഞങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കുള്ള അതേ സുരക്ഷിതത്വമേ ഞങ്ങള്‍ക്കും വേണ്ടൂ എന്നു പറഞ്ഞുകൊണ്ട് ഞങ്ങള്‍ വീണ്ടും സമീപിക്കുകയും 51 പേരുടെ ലിസ്റ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. അത് അംഗീകരിച്ച് ഞങ്ങള്‍ക്ക് പോകാന്‍ അനുവാദവും നല്‍കുകയുമായിരുന്നു.
വിശ്വാസപരമായ കാരണങ്ങള്‍ ഉയര്‍ത്തിയാണ് ആദിവാസികള്‍ കോടതിയെ സമീപിച്ചത്. “അവരു പറയുന്നത് അഗസ്ത്യമുനി ബ്രഹ്മചാരിയാണ്. സ്ത്രീകള്‍ അഗസ്ത്യാറിന്റെ തലയില്‍ ചവിട്ടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ” എന്നാണ്. എന്നാല്‍ അഗസ്ത്യാര്‍കുടത്തില്‍ സ്ത്രീകള്‍ മുമ്പൊക്കെ പോയിരുന്നുവെന്നാണ് സുള്‍ഫത്ത് പറയുന്നത്.
“80 കളിലൊക്കെ സ്ത്രീകള്‍ പഠനങ്ങള്‍ക്കായി അവിടെ പോയിട്ടുണ്ട്. ഔഷധ സസ്യങ്ങള്‍ ഏറെയുള്ള ഇടമാണത്. വനംവകുപ്പുമായി ഞങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ കാണിക്കാര്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. അവിടെ നടന്ന അപകടമരണമൊക്കെ സ്ത്രീകള്‍ കയറിയതുകൊണ്ടാണെന്നായിരുന്നു അവരുടെ വാദം.” സുള്‍ഫത്ത് വിശദീകരിക്കുന്നു.
ഈയടുത്തകാലം മുതലാണ് സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് മീനയും പറയുന്നു. 2000-ത്തിലൊക്കെ അവിടെ പോയ സ്ത്രീകള്‍ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഈയടുത്തകാലത്താണ് അതിനെ ഒരു ഹിന്ദുമത തീര്‍ത്ഥാടക കേന്ദ്രം എന്ന നിലയിലാക്കി മാറ്റാന്‍ ശ്രമിക്കുന്നതെന്നും മീന ആരോപിച്ചു.
ട്രക്കിങ്ങിന്റെ സമയം നിശ്ചയം മകരം ഒന്നുമുതല്‍ ശിവരാത്രി വരെ എന്ന രീതിയില്‍ നിശ്ചയിച്ചത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നാണ് സ്ത്രീ കൂട്ടായ്മകള്‍ പറയുന്നത്. സാധാരണ ട്രക്കിങ്ങിനുള്ള സമയം തീരുമാനിക്കുമ്പോള്‍ കാലാവസ്ഥ, പരിസ്ഥിതി, മൃഗങ്ങളുടെ ആവാസവ്യവസ്ഥ തുടങ്ങിയവയാണ് മാനദണ്ഡമാക്കുന്നത്. “ശിവരാത്രിയും മകരമാസവുമൊന്നും മാനദണ്ഡമാക്കുന്ന രീതി ലോകത്ത് മറ്റൊരിടത്തും തന്നെ കാണാന്‍ കഴിയില്ലെന്നും” സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു.
“മകരം ഒന്നുമുതല്‍ ശിവരാത്രി എന്ന രീതിയില്‍ ട്രക്കിന്റെ സമയം നിശ്ചയിക്കുന്നത് ഇതിനെയൊരു തീര്‍ത്ഥാടനം എന്നരീതിയിലേക്ക് ഇതിനെ ലേബല്‍ ചെയ്യാനാണ്. ഇതിനെ മറ്റൊരു ശബരിമല പോലെ ആ്ക്കിതീര്‍ത്തുകൊണ്ടിരിക്കുകയാണ്. നിശബ്ദമായിട്ട് ആ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കേരളീയ സമൂഹം ഈ വിഷയത്തെ ആ ഒരു ഗൗരവത്തോടെ എടുത്തിട്ടില്ലയെന്നാണ് എനിക്കു തോന്നുന്നത്. സ്ത്രീകളുടെ മാത്രം ഒരു വിഷയമല്ല ഇത്. ” മീന പറയുന്നു.
വനംവകുപ്പിന്റെ ഒത്താശയോടെ ഇവിടെ ട്രക്കിങ് സീസണില്‍ പൂജകളും വിഗ്രഹാരാധനയും നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. സംരക്ഷിത നിത്യഹരിതവനപ്രദേശത്ത് ഇത്തരം മതാചാര അനുഷ്ഠാനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അവിടെ പൂജ പോലുള്ള കാര്യങ്ങള്‍ നടത്തരുതെന്ന് കോടതിയുടെ ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അവിടെ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വഴിനീളെ മഞ്ഞളും മറ്റും ഒഴുക്കിയത് കണ്ടിട്ടുണ്ടെന്നും ചിലരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അഗസ്ത്യനകത്ത് ചെറിയൊരു കല്ലുകൊണ്ടുള്ള പ്രതിമ മാത്രമാണ് ഉണ്ടായിരുന്നത്. അതിനകത്ത് ഇപ്പോള്‍ പൂജകളൊക്കെ നടത്തുന്നുണ്ടെന്നും മീന പറയുന്നു. ശബരിമലപോലെ മാലിന്യത്തിന്റെ കൂടെ നിക്ഷേപം ഭാവിയില്‍ ഇതിനകത്ത് പ്രതീക്ഷിക്കാമെന്നും അവര്‍ പറയുന്നു.
Related image
“കേരളത്തിലെ എല്ലാ സംരക്ഷിത വനങ്ങളിലേക്കും ഓരോ സീസണിലായി ട്രക്കിങ്ങുണ്ട്. അവിടെയൊന്നുമില്ലാത്ത ഈയൊരു നിയന്ത്രണം സുരക്ഷാ കാരണം പറഞ്ഞ് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഹിമാലയം വരെ സ്ത്രീകള്‍ കയറിയിട്ടുണ്ട്. പോകുന്നവര്‍,അത് ആണായാലും പെണ്ണായാലും വളരെ അപകടം പിടിച്ച ഒരു സ്ഥലമാണിത്. കയറാന്‍ പറ്റുന്ന സ്ത്രീകളല്ലേ കയറാന്‍ പോകൂ. സ്ത്രീകളുടെ മാത്രം ട്രക്കിങ് ഗ്രൂപ്പുകളുണ്ട്. ലോകം മുഴുവന്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ വരുമ്പോള്‍, സൗദി അറേബ്യ വരെ മാറിക്കൊണ്ടിരിക്കുമ്പോള്‍, ഒരു ഇടതുപക്ഷ സര്‍ക്കാറിന് ഇവിടെയുള്ള ഈ വിലക്ക് തിരുത്തേണ്ട ബാധ്യതയുണ്ട്.” എന്നാണ് സുള്‍ഫിത്ത് പറയുന്നത്.
ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് അഗസ്ത്യാര്‍കുടം. സമുദ്രനിരപ്പില്‍ നിന്നും 1868 മീറ്റര്‍ പൊക്കത്തിലാണ് അഗസ്ത്യാര്‍കുടം. കേരളത്തിലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ കലവറയിലൊന്നാണ്.
ആയുര്‍വേദമരുന്നുകളുടെയും മറ്റ് ഔഷധസസ്യങ്ങളുടെയും അപൂര്‍വ്വമായ കലവറയാണ് അഗസ്ത്യവനം. 3500 ഓളം സ്പീഷീസുകളിലായി സസ്യജന്തുജീവജാലങ്ങള്‍ ഇവിടെയുണ്ട്.
ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.