കോഴിക്കോട്: സമസ്ത മുശാവറ യോഗത്തില്‍ നിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് ശബ്ദസന്ദേശം നല്‍കിയ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ പ്രതിഷേധവുമായി സമസ്ത അനുകൂലികള്‍. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല എന്ന് സമസ്ത തന്നെ ഔദ്യോഗിക വാര്‍ത്താകുറിപ്പ് ഇറക്കിയതിന് ശേഷം അതിനെ നിഷേധിക്കുന്ന തരത്തില്‍ നദ്‌വി അഭിപ്രായം പറഞ്ഞതോടെ ഏവരും ബഹമാനിക്കുന്ന ഒരു പണ്ഡിതസഭ കളവ് പറയുന്നു എന്ന പ്രതീതിയുണ്ടാക്കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ഇന്ന് സമസ്തയിലെ ലീഗ് വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരും മുശാവറ യോഗത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്. ഇതോടെ ഇന്നലെയിറക്കിയ വാര്‍ത്താകുറിപ്പും യോഗത്തിന് ശേഷം നടന്ന ചില പണ്ഡിതരുടെ പ്രതികരണങ്ങളും കളവായിരുന്നു എന്ന് പൊതു സമൂഹം വിലയിരുത്തുന്നു എന്നതാണ് സമസ്ത പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണം. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് താഴെ കമന്റുകളായാണ് പ്രവര്‍ത്തകര്‍ കൂടുതലായും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്നലെയാണ് കോഴിക്കോട് വെച്ച് സമസ്തയുടെ മുശാവറ യോഗം നടന്നത്. യോഗത്തില്‍ നിന്ന് ഇറങ്ങിയ ശേഷം സമസ്ത പ്രസിഡന്റ് മാധ്യമങ്ങളെ കണ്ട് യോഗവിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. സമയക്കുറവ് കാരണമാണ് യോഗം നേരത്തെ അവസാനിപ്പിച്ചതെന്നും മറ്റൊരു ദിവസം ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് മുശാവറ യോഗത്തിനിടക്ക് വെച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി എന്ന് വാര്‍ത്തകള്‍ വന്നത്.
തൊട്ടുപിന്നാലെ സമസ്ത ഈ വാര്‍ത്തകള്‍ നിഷേധിച്ച് പത്രകുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍, ബഹാവുദ്ദീന്‍ നദ്‌വി മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശം ഈ പത്രകുറിപ്പിന് വിപരീതമായിരുന്നു. പ്രസ്തുത ശബ്ദ സന്ദേശത്തില്‍ യോഗത്തില്‍ നടന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങളെല്ലാം അദ്ദേഹം തന്നെ ശരിവെക്കുന്നുണ്ട്. ജിഫ്രി തങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി എന്ന് തന്നെ നദ്‌വി ഈ ശബ്ദ സന്ദേശത്തില്‍ കൃത്യമായി പറയുകയും ചെയ്തു.
സമസ്തയുടെ മുശാവറ പോലുള്ള ഒരു പ്രധാനപ്പെട്ട യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കും പുറലോകത്തിനും മുന്നില്‍ പരസ്യപ്പെടുത്തി എന്നതാണ് ഇപ്പോള്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ തിരിയാന്‍ പ്രവര്‍ത്തകര്‍രെ പ്രേരിപ്പിച്ചിരിക്കുന്നത്.
സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന ഒരു പണ്ഡിത സഭയുടെ യോഗത്തില്‍ ഇത്തരത്തിലുള്ള വാഗ്വാദങ്ങളും ‘കള്ളന്‍’ എന്ന് വിളിക്കുന്നതടക്കമുള്ള സാഹചര്യങ്ങളുമുണ്ടായത് പുറംലോകത്തെ അറിയിച്ചതും പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്നലെ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും നദ്‌വിയാണെന്ന് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ പറയുന്നു.
നദ്‌വി സമസ്തയിലെ ലീഗ് ചാരനാണെന്നും മുശാവറയില്‍ നടക്കുന്ന കാര്യങ്ങള്‍ ചോര്‍ത്തിയ അദ്ദേഹമാണ് യോഗത്തില്‍ പറയപ്പെട്ട കള്ളനെന്നുമൊക്കെയാണ് പ്രതിഷേധ കമന്റുകള്‍. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന ചിന്തയാണ് നദ്‌വിയുടെ പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്നും ഒരു സാധാരണ പ്രവര്‍ത്തകന്‍ പോലും ഇത്തരത്തിലുള്ള ഒരു യോഗത്തില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറയില്ലെന്നും കമന്റുകളില്‍ പറയുന്നു.
സമസ്തയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നദ്‌വിയാണെന്നും അദ്ദേഹത്തെ പുറത്താക്കിയാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നും ചിലര്‍ പറയുന്നു. ജിഫ്രി തങ്ങള്‍ പറഞ്ഞതോടും കൂടി കാര്യങ്ങള്‍ അവാസാനിപ്പിക്കേണ്ടതായിരുന്നെന്നും പിന്നീട് മാധ്യമങ്ങളിലൂടെ നദ്‌വി ഇക്കാര്യം പറഞ്ഞത് ശരിയായില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം നദ്‌വിയുടെ ശബ്ദ സന്ദേശം പുറത്തുവന്നത് ബോധപൂര്‍വമാണെന്നുള്ള വിമര്‍ശനങ്ങളും ഉയരുന്നത്. ശബ്ദസന്ദേശം പുറത്തുവിട്ട ന്യൂസ് 26 മലയാളം എന്ന യൂട്യൂബ് ചാനല്‍ സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലാണെന്ന സംശയങ്ങളാണ് ഈ വിമര്‍ശനത്തിന്റെ കാരണം.
എന്നാല്‍ നദ്‌വിയെ പിന്തുണക്കുന്ന തരത്തിലാണ് ഇന്ന് സമസ്തയിലെ ലീഗ് വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചത്. നദ്‌വിയാണ് പ്രശ്‌നക്കാരനെന്ന ധ്വനി വാര്‍ത്തകള്‍ക്ക് പിന്നാലെയുണ്ടായപ്പോള്‍ അതില്‍ ക്ലാരിറ്റി വരുത്തുകയാണ് അദ്ദേഹം ചെയ്തത് എന്നാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.
വാര്‍ത്തകളില്‍ പറയുന്ന രീതിയിലുള്ള പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല എന്ന സമസ്തയുടെ വാര്‍ത്താ കുറിപ്പ് കളവായിരുന്നോ എന്ന ചോദ്യത്തിന് അത് തയ്യാറാക്കിയ സമസ്തയുടെ മാനേജരാണ് മറുപടി പറയേണ്ടതെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
content highlights: Protest against Bahauddin Nadvi who publicized the issues of the Mushavara meeting