ന്യൂദല്‍ഹി: വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നെതിര്‍ത്ത് മതിനിരപേക്ഷതക്കായി നിലകൊണ്ട ലോകപ്രശസ്തനായ ഇന്ത്യന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍ പ്രൊഫ. ഇംതിയാസ് അഹമ്മദ് (83) അന്തരിച്ചു. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മൂന്ന് പതിറ്റാണ്ടോളം പൊളിറ്റിക്കല്‍ സോഷ്യോളജി അധ്യാപകനായിരുന്ന അദ്ദേഹം ഈ രംഗത്തെ എണ്ണം പറഞ്ഞ പ്രതിഭയുമായിരുന്നു.
തിങ്കളാഴ്ച ദല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ‘ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ജാതിയും സാമൂഹിക വര്‍ഗീകരണവും’ എന്ന പുസ്തകം അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തെ അതിപ്രശസ്തനാക്കി. 2002ലെ ഗുജറാത്ത് വംശഹത്യക്കെതിരെയും ഇംതിയാസ് ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു.
സവര്‍ണ ഹിന്ദുത്വ നിലപാടുകളെ എതിര്‍ത്ത അതേ മൂര്‍ച്ചയോടെ ന്യൂനപക്ഷ മതമൗലികവാദത്തെയും അദ്ദേഹം നേരിട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സര്‍വകലാശാലകളില്‍ സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഇസ് ലാമിക് സ്റ്റഡീസ് എന്നിവ പഠിപ്പിച്ചിരുന്നു.
യു.എസിലെ മിസോറി സര്‍വകലാശാലയില്‍ നരവംശ ശാസ്ത്രത്തില്‍ വിസിറ്റിങ് പ്രൊഫസറായിരുന്ന അഹമ്മദ്, ജെ.എന്‍.യു സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ 1972ലാണ് പൊളിറ്റിക്കല്‍ സോഷ്യോളജിയും ന്യൂനപക്ഷ രാഷ്ട്രീയവും പഠിപ്പിക്കാന്‍ ആരംഭിച്ചത്.
സര്‍വകലാശാലയുടെ ചരിത്രത്തിന്റെ മികച്ച അധ്യാപകനായും അദ്ദേഹം അറിയപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങള്‍, മുസ്‌ലിം വനിതകളുടെ ഉന്നമനത്തില്‍ വിദ്യഭ്യാസത്തിന്റെ പങ്ക്, വര്‍ഗീയത, വംശീയ സംഘര്‍ഷങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, ഇസ്‌ലാമിക പരിവര്‍ത്തനങ്ങള്‍, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും, ബാലാവകാശങ്ങളും ബാലവേലയും, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, വികസനം തുടങ്ങി അസംഖ്യം വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ എഴുതി.