ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ബിജു ഭാസ്‌കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു @അന്ധേരി. ബിയോണ്‍, അതുല്‍ കുല്‍ക്കര്‍ണി, അപര്‍ണ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം പക്ഷെ തിയേറ്ററില്‍ സാമ്പത്തികപരമായി പരാജയമായിരുന്നു.
2014ല്‍ പുറത്തിറങ്ങിയ അന്ധേരി പരാജയപ്പെടാനിടയാക്കിയ കാരണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ സന്തോഷ് ദാമോദരന്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പരാജയപ്പെടാന്‍ കാരണം, ആളുകളിലേക്ക് ആ സിനിമ എത്തിയില്ല എന്നുള്ളതാണ്. അത് ആളുകളിലേക്ക് എത്തിക്കാന്‍ പറ്റിയില്ല. അത് എന്റെ ഭാഗത്ത് നിന്ന് വന്ന പരാജയമായമാണോ എന്നെനിക്കറിയില്ല.
അത്രയും വലിയ പരസ്യമൊന്നും അതിന് നല്‍കിയില്ലായിരുന്നു. മനപൂര്‍വം അത് ചെയ്യാതിരുന്നതാണ്. ഇങ്ങനെയൊരു സിനിമയക്ക് അത്രയും ഹെവി പരസ്യം കൊടുക്കേണ്ടതില്ല എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
”ഞാനും ശ്രീനിയേട്ടനുമായി കുറേ നാളായി ഒരു സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നാല് വര്‍ഷമായി. പുള്ളി പല സ്‌ക്രിപ്റ്റും എഴുതും അവസാനം ക്ലൈമാക്സ് ശരിയല്ല എന്ന് പറഞ്ഞ് അത് ഒഴിവാക്കും. പിന്നെ അടുത്തതിലേക്ക് കയറും.
അവസാനം ഏതാണ്ട് ഞങ്ങള്‍ ഒരെണ്ണത്തിലേക്ക് ലാന്‍ഡ് ചെയ്ത് അത് തീരാറായി. ലാല്‍ ജോസും ശ്രീനിവാസനുമൊത്തുള്ള സിനിമയാണ്. ഫാമിലി സബ്ജക്ടാണ്. ഇതുവരെ ഒന്നും ആയിട്ടില്ല.
രണ്ട് പേര്‍ക്കും അഡ്വാന്‍സ് കൊടുത്തിട്ട് കുറേ നാളായി. എഴുത്തും നടക്കുന്നുണ്ട്. അപ്പോഴാണ് പുള്ളിക്ക് തുടര്‍ച്ചയായി അസുഖം വന്നത്. ഇനി അത് എന്ത് ചെയ്യണമെന്നറിയില്ല,” സന്തോഷ് ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.