ഗോകുലം ഗോപാലനുമായി തനിക്ക് മത്സരമൊന്നുമില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഗോകുലം ഗോപാലന്‍ ഹൈപ്പുള്ള സിനിമകള്‍ എടുക്കുമെന്നും ആ സിനിമയുടെ ബിസിനസ് നോക്കിയാണോ അദ്ദേഹം ആ സിനിമകള്‍ എടുക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. വേള്‍ഡ് ബിസിനസ് മലയാളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ആഗ്രഹിച്ച സിനിമകള്‍ ഗോപാലേട്ടന്റെ കമ്പനി എടുത്തിട്ടുണ്ട്. പുള്ളിയോട് ഞാനൊക്കെ എങ്ങനെ മത്സരിക്കാനാണ്. പുള്ളി എവിടെയോ കിടക്കുന്നു, ഞാന്‍ എവിടെയോ കിടക്കുന്നു. എനിക്ക് സിനിമയിലുള്ള ആളുകളെ കുറച്ചുകൂടി ഡീറ്റെയ്ല്‍ഡായി അറിയാം. രണ്ട് കോടി പറഞ്ഞാലും അഞ്ച് കോടി പറഞ്ഞാലും അങ്ങ് എടുത്തേക്കാം എന്നേ പുള്ളിക്കുള്ളൂ. അല്ലാതെ ഇതിന്റെ ബിസിനസ് എത്രത്തോളമുണ്ടെന്ന് നോക്കിയിട്ടാണോ അദ്ദേഹം സിനിമ എടുക്കുന്നതെന്ന് എനിക്ക് അറിയില്ല.
അദ്ദേഹം ഹൈപ്പുള്ള സിനിമകളുടെ ഭാഗമാകുന്നു. എനിക്ക് അദ്ദേഹത്തോട് മത്സരിക്കാന്‍ പറ്റില്ലല്ലോ. ആ ആഗ്രഹം എന്നെക്കൊണ്ട് പറ്റില്ലെങ്കില്‍ 150 രൂപ മുടക്കി തിയേറ്ററില്‍ പോയി സ്വസ്ഥമായി പടം കണ്ട് ആ മത്സരബുദ്ധി അവസാനിപ്പിക്കുന്നു,’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
തുറമുഖം സിനിമയുടെ പരാജയത്തെ പറ്റിയും ലിസ്റ്റിന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘പലരും ആ സിനിമ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ പോവുകയായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ നടക്കും പരാജയപ്പെടും അതായിരുന്നു അവസ്ഥ. എനിക്കൊരു ത്രില്ല് തോന്നി അത് ഏറ്റെടുക്കാന്‍. നിവിന്റെ കൂടെ ഒരു സിനിമ ചെയ്യേണ്ട കാര്യം ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.
അതിന്റെ ഇടയിലാണ് ഇത് വരുന്നത്. പലരും വിചാരിച്ചിട്ട് നടക്കാത്ത ഒരു കാര്യമല്ലേ അപ്പോഴൊന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി. ഞാന്‍ എല്ലാവരുമായിട്ട് സംസാരിച്ചു. എല്ലാവരെയും കണ്‍വിന്‍സ് ചെയ്തു. ഒത്തിരി പേര്‍ക്ക് നഷ്ടം സംഭവിച്ച സിനിമയാണ് തുറമുഖം. എല്ലാവരോടും സംസാരിച്ചപ്പോള്‍ ആ നഷ്ടം സഹിക്കാന്‍ അവര്‍ തയ്യാറായത് കൊണ്ടാണ് ആ പടം ഇറങ്ങാന്‍ ഉള്ള സാഹചര്യം ഉണ്ടാവുന്നത്.
എനിക്ക് കുറച്ച് നഷ്ടം ആ സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. ആ സിനിമയ്ക്കായി ഇന്‍വെസ്റ്റ് ചെയ്ത കുറേ പേര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നഷ്ടമായിരുന്നു സംഭവിച്ചത്. എല്ലാവര്‍ക്കും പൈസ പോയിട്ടുണ്ട്. നിവിന്‍ ആദ്യം പറഞ്ഞ ശമ്പളം പോലും അവന് കിട്ടിയിട്ടില്ല,’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
Content Highlight: Producer Listyn Stephen says he has no competition with Gokulam Gopalan