Entertainment news
റിലീസ് ഡേറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഇതൊക്കെ കുറെ കേട്ടിട്ടുണ്ടെന്നായിരുന്നു നിവിന്റെ മറുപടി; തന്നെ എല്ലാവരും കളിയാക്കുകയാണെന്നും നിവിന്‍ പറഞ്ഞു: ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 09, 05:40 am
Thursday, 9th March 2023, 11:10 am

നിവിന്‍ പോളി, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍ തുടങ്ങി വലിയ താരനിര അണി നിരക്കുന്ന രാജീവ് രവി ചിത്രമാണ് തുറമുഖം. നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം മാര്‍ച്ച് 10ന് തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിക്കുന്നത്. അതിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

തുറമുഖത്തിന്റെ ഭാഗമായി പോസ്റ്റുകള്‍ ഇടാനും പ്രൊമോഷന് പോകാനും നിവിന്‍ പോളിക്ക് തന്നെ മടിയാണെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഇതൊക്കെ താന്‍ കുറെ കേട്ടിട്ടുണ്ടെന്നും ഈ സിനിമയുടെ പേര് പറഞ്ഞ് തന്നെ എല്ലാവരും കളിയാക്കാറുണ്ടെന്നും നിവിന്‍ പറഞ്ഞതായി പ്രസ് മീറ്റില്‍ ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

‘നിവിന്റെ പുതിയ സിനിമയുടെ ഷൂട്ട് നടക്കുകയാണ് അതിന്റെ ഇടയിലാണ് തുറമുഖത്തിന്റെ പ്രൊമോഷന് വേണ്ടി വന്നത്. നിവിന്‍ നാളെ തിരിച്ച് പോകും. നമ്മള്‍ പ്രസ് മീറ്റ് വിളിക്കുമ്പോഴും നിവിന് വരെ സംശയമുണ്ടായിരുന്നു. ഞാന്‍ ഇതൊക്കെ കുറെ കേട്ടിട്ടുണ്ടെന്നാണ് നിവിന്‍ പറഞ്ഞത്. എന്തായാലും നമ്മള്‍ ആ സിനിമ ഇറക്കുമെന്ന് നിവിനോട് ഞാന്‍ പറഞ്ഞിരുന്നു.

അങ്ങനെയൊരു ഉറപ്പ് ഞാന്‍ കൊടുത്തിട്ടാണ് നിവിന്‍ വന്നത്. ഇവര്‍ക്കൊക്കെ ഒരു പോസ്റ്റ് ചെയ്യാന്‍ പോലും പാടാണ്. വീണ്ടും നാണക്കേടാകുമോ എന്ന ചിന്തയാണ്. ഇതൊക്കെ പറഞ്ഞ് മടുത്തു. എന്നെ എല്ലാവരുംകൂടി കളിയാക്കുകയാണ് എന്നൊക്കെയാണ് ആള് പറയുന്നത്.

എനിക്കാണെങ്കില്‍ ഇത് എങ്ങനെയെങ്കിലും റിലീസ് ചെയ്യണം എന്ന ചിന്തയാണ്. എന്തൊക്കെ വന്നാലും പത്താം തീയതി നമ്മള്‍ തുറമുഖം റിലീസ് ചെയ്യും,’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. പിന്നീടാണ് ലിസ്റ്റിന്‍ സിനിമ ഏറ്റെടുക്കുന്നത്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടാണ് തുറമുഖം തിയേറ്ററുകളില്‍ എത്തിക്കുന്നതെന്ന് ഇതേ പ്രസ് മീറ്റില്‍ നിവിന്‍ പറഞ്ഞിരുന്നു.

content highlight: producer listin stephen about nivin pauly