മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടി – ജോഷി കൂട്ടകെട്ടില്‍ പിറന്ന ന്യൂ ഡെല്‍ഹി. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെന്ന നടന് ഒരു ഗംഭീര തിരിച്ചുവരവ് നല്‍കിയ ചിത്രം കൂടെയായിരുന്നു ന്യൂ ഡെല്‍ഹി. ദല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.
ന്യൂ ഡെല്‍ഹി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ചെയ്യാന്‍ രജിനികാന്ത് തന്നെ സമീപിച്ചിരുന്നു എന്ന് പറയുകയാണ് നിര്‍മാതാവ് ജോയി തോമസ്. തനിക്ക് തമിഴില്‍ ആ ചിത്രം ചെയ്യാനായിരുന്നു താത്പര്യമെന്നും എന്നാല്‍ തമിഴില്‍ തന്നെ പോലെ ഉള്ള ആള്‍ക്ക് ചെയ്യാന്‍ പറ്റിയ സബ്ജക്റ്റല്ല അതെന്നാണ് രജിനികാന്ത് പറഞ്ഞെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴിലുള്ള ആളുകള്‍ക്ക് എല്ലാം താന്‍ തന്നെ ചെയ്യണമെന്നും എന്നാല്‍ ന്യൂ ഡെല്‍ഹി എന്ന സിനിമയില്‍ മമ്മൂട്ടി മറ്റുള്ളവരെ വിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യിക്കുന്നതെന്നും അതുകൊണ്ട് ഹിന്ദിയില്‍ ചെയ്യുന്നതായിരിക്കും നല്ലതെന്നും രജിനികാന്ത് പറഞ്ഞെന്നും ജോയി തോമസ് പറഞ്ഞു.
താന്‍ ഇക്കാര്യം നവോദയ അപ്പച്ചനോട് പറഞ്ഞെന്നും ഹിന്ദി റീമേക്കിന് റൈറ്റ്‌സ് കൊടുത്ത് ഉളള കാശ് വാങ്ങുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം പറഞ്ഞുവെന്നും ജോയി തോമസ് പറയുന്നു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോയി തോമസ്.
‘അന്ന് എനിക്ക് രജിനികാന്തുമായി നല്ല പരിചയവും അടുപ്പവും ഉണ്ടായിരുന്നു. ന്യൂ ഡെല്‍ഹി കണ്ട രജിനികാന്ത് ഹിന്ദിയില്‍ അത് റീമേക്ക് ചെയ്ത് അഭിനയിക്കാമെന്ന് ഇങ്ങോട്ട് പറഞ്ഞു. തമിഴില്‍ ചെയ്യാനായിരുന്നു എനിക്ക് താത്പര്യം. തമിഴില്‍ തനിക്ക് പറ്റിയ സബ്ജക്ട് അല്ല അതെന്നായിരുന്നു രജനിയുടെ പക്ഷം.
‘ഇവിടെയുളള ആളുകള്‍ക്ക് എല്ലാം ഞാന്‍ തന്നെ ചെയ്യണം. ഞാന്‍ തന്നെ പോയി ഇടിച്ചും, അടിച്ചും കാര്യങ്ങള്‍ നേരെയാക്കി കൊണ്ടുവരണം. ന്യൂ ഡെല്‍ഹിയില്‍ മമ്മൂട്ടി ആളുകളെ വിട്ട് ചെയ്യിക്കുന്നതാണ്. അത് എന്റെ ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല’ എന്നാണ് രജിനി പറഞ്ഞത്. ഞാന്‍ ഇക്കാര്യം നവോദയ അപ്പച്ചനോട് പറഞ്ഞു.
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ.ഡി സിനിമ ഹിന്ദിയിലെടുത്ത പരിചയമൊക്കെ അപ്പച്ചനുണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്. വേണ്ടാത്ത പണിക്കൊന്നും പോകേണ്ടന്നായിരുന്നു അപ്പച്ചന്‍ പറഞ്ഞത്. ഹിന്ദി റീമേക്കിന് റൈറ്റ്‌സ് കൊടുത്ത് ഉളള കാശ് വാങ്ങിയാല്‍ അതായിരിക്കും നല്ലതെന്നും അപ്പച്ചന്‍ പറഞ്ഞപ്പോള്‍ ആ വക പൊല്ലാപ്പിനൊന്നും പോകേണ്ടതില്ലെന്ന് ഞാനും കരുതി,’ ജോയി തോമസ് പറയുന്നു.
Content Highlight: Producer Joy Thomas Says Rajinikanth Was Interested To Remake New Delhi Movie In Hindi