ബജറ്റിന്റെ 60 ശതമാനം ആര്‍ട്ടിസ്റ്റിന്റെ സാലറി എന്ന കോണ്‍സപ്റ്റില്‍ ഞാന്‍ വിശ്വസിക്കുന്നില്ല: പ്രൊഡ്യൂസര്‍ ജ്ഞാനവേല്‍ രാജ
Entertainment
ബജറ്റിന്റെ 60 ശതമാനം ആര്‍ട്ടിസ്റ്റിന്റെ സാലറി എന്ന കോണ്‍സപ്റ്റില്‍ ഞാന്‍ വിശ്വസിക്കുന്നില്ല: പ്രൊഡ്യൂസര്‍ ജ്ഞാനവേല്‍ രാജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th July 2024, 5:04 pm

ക്വാളിറ്റി സിനിമകള്‍ മാത്രം പ്രേക്ഷകര്‍ക്ക് നല്‍കിക്കൊണ്ട് തമിഴ് സിനിമയിലെ മുന്‍നിരയിലേക്ക് കടന്നുവന്ന പ്രൊഡക്ഷന്‍ ഹൗസാണ് സ്റ്റുഡിയോ ഗ്രീന്‍. സൂര്യ നായകനായ സില്ലുന്ന് ഒരു കാതല്‍ നിര്‍മിച്ചുകൊണ്ടാണ് സ്റ്റുഡിയോ ഗ്രീന്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചത്. പിന്നീട് ചെറുതും വലുതുമായ സിനിമകള്‍ നിര്‍മിച്ചുകൊണ്ട് സ്റ്റുഡിയോഗ്രീന്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായി.

തമിഴില്‍ സിനിമയുടെ ബജറ്റിന്റെ 60 ശതമാനം ആര്‍ട്ടിസ്റ്റിന്റെ പ്രതിഫലമായി കൊടുക്കുന്ന ഏര്‍പ്പാടിനോട് താന്‍ യോജിക്കുന്നില്ലെന്ന് പറയുകയാണ് സ്റ്റുഡിയോഗ്രീന്‍ ഉടമ ജ്ഞാനവേല്‍ രാജ. തന്നെ സംബന്ധിച്ച് സിനിമയുടെ 70 ശതമാനം പ്രൊഡ്കഷന്‍ കോസ്റ്റ് ആകണമെന്ന് നിര്‍ബന്ധമുണ്ടെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ മാത്രമേ താന്‍ തെരഞ്ഞെടുക്കുള്ളൂവെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു.

ഒരു കോടി മുതല്‍ അഞ്ച് കോടി വരെ ചെലവാകുന്ന സിനിമകളെയാണ് താന്‍ സാധാരണയായി ചെറിയ ബജറ്റ് സിനിമയായി കാണുന്നതെന്നും അഞ്ച് മുതല്‍ 20 കോടി വരെ ബജറ്റുള്ള സിനിമകള്‍ തന്നെ സംബന്ധിച്ച് മീഡിയം ബജറ്റ് സിനിമയാണെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു. കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജ്ഞാനവേല്‍ രാജ ഇക്കാര്യം പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് ഒരു കോടി മുതല്‍ അഞ്ച് കോടി വരെ ചെലവാകുന്ന സിനിമകളാണ് ലോബജറ്റ് സിനിമകള്‍. അഞ്ച് മുതല്‍ 20 കോടി വരെ ചെലവാകുകയാണെങ്കില്‍ അത് മീഡിയം ബജറ്റാണ്. എത്ര ബജറ്റുള്ള സിനിമയായാലും കണ്ടന്റാണ് വലുത്. പ്രതിഫലവും പ്രോഡക്ഷന്‍ കോസ്റ്റും ബജറ്റിലെ രണ്ട് ഭാഗമാണെന്ന് ഞാന്‍ കരുതുന്നില്ല.

ബജറ്റിന്റെ 60 ശതമാനം ആര്‍ട്ടിസ്റ്റിന്റെ പ്രതിഫലമായി പോകുന്നുവെന്ന കോണ്‍സപ്റ്റില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ബജറ്റിന്റെ 70 ശതമാനം ഉറപ്പായും പ്രൊഡക്ഷന്‍ കോസ്റ്റില്‍ വരണമെന്നാണ് എന്റെ അഭിപ്രായം. 100 കോടിയോ അതിന് മുകളിലോ ആര്‍ട്ടിസ്റ്റിന്റെ പ്രതിഫലമായി കൊടുക്കാന്‍ ഞാന്‍ തയാറാണ്. ആ പൈസ റിക്കവറാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അതിന് മുതിരുള്ളൂ,’ ജ്ഞാനവേല്‍ രാജ പറഞ്ഞു.

Content Highlight: Producer Gnanavel Raja about his concept on movie budget