ബോക്‌സര്‍ എന്ന തന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ നടന്‍ ജഗന്‍നാഥന്‍ വര്‍മയുടെ കണ്ണിന് പറ്റിയ അപകടത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. സിനിമയുടെ ഷൂട്ടിനിടെ നെറ്റിയില്‍ വെടി കൊള്ളുന്ന സീനിലാണ് അത്തരത്തില്‍ ഒരു അപകടം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പഴയ ഓര്‍മകള്‍ പങ്കുവെച്ചത്.
‘ജഗന്‍നാഥന്‍ സാര്‍ ബോക്‌സര്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു. ഷൂട്ടിങ്ങൊക്കെ നല്ല രീതിയില്‍ മുന്നോട്ട് പോയി. സിനിമയില്‍ അദ്ദേഹത്തെ വെടിവെച്ച് കൊല്ലുന്ന ഒരു സീനുണ്ടായിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ അദ്ദേഹത്തെ വെടിവെക്കുന്നു. നെറ്റിയിലാണ് അദ്ദേഹത്തിന് വെടികൊള്ളേണ്ടത്. പൊട്ടിക്കുന്നത് എങ്ങനെയാണെന്നുള്ള ടെക്‌നിക്കല്‍ സൈഡൊന്നും എനിക്കറിയില്ല. അതൊക്കെ ജിവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്.
പലര്‍ക്കും അതിന്റെ രീതിയെന്താണെന്ന് ഇപ്പോഴും അറിയില്ല. ഷൂട്ടിങ് തുടങ്ങി. അദ്ദേഹത്തെ വെടിവെച്ചു. പിന്നെയുണ്ടാകുന്ന റിയാക്ഷനും കാര്യങ്ങളുമെല്ലാം എടുത്തു. അടുത്ത ഷോട്ട് എടുക്കേണ്ടത്, നെറ്റിയില്‍ നിന്നും ചോര തെറിക്കുന്നതാണ്. തമിഴ് നാട്ടില്‍ നിന്നും വന്ന ഗണ്‍ രാജേന്ദ്രന്‍ എന്ന ഒരാളാണ് ഇതൊക്കെ ചെയ്തത്. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഞാന്‍ ആകാംഷയോടെ നോക്കിയിരിക്കുകയാണ്.
അങ്ങനെ അദ്ദേഹത്തിന്റെ നെറ്റിയില്‍ പ്ലാസ്റ്റര്‍ പോലെ എന്തോ സാധനം കൊണ്ട് ഒട്ടിക്കുന്നു. പിന്നെ ഒരു വയര്‍ ഘടിപ്പിട്ടു. ഇതൊന്നും ക്യാമറയില്‍ കാണുകയുമില്ല. ഇത് കണ്ടപ്പോള്‍ എനിക്ക് കുറച്ച് സംശയങ്ങളൊക്കെ തോന്നി. സാറിന് വല്ലതും പറ്റുമോ എന്നൊക്കെ ഞാന്‍ ചോദിച്ചു. അങ്ങനെ ഒന്നും വരില്ലെന്നും അവര്‍ പറഞ്ഞു.
പക്ഷെ എന്റെ ആ പേടി സത്യമായെന്ന് തന്നെ പറയാം. ആദ്യം നമ്മളെല്ലാം നോക്കി നില്‍ക്കുമ്പോള്‍ ഇത് പൊട്ടി തെറിക്കുന്നു. നോക്കിയപ്പോള്‍ ക്യാമറയില്‍ വളരെ ഭംഗിയായിട്ട് അത് പതിഞ്ഞിട്ടുണ്ട്. എല്ലാവരും കയ്യടിക്കുകയും ചെയ്തു. ജഗന്‍നാഥന്‍ സാര്‍ ഒരു കുഴപ്പവുമില്ലാതെ ചാടി എണീക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര തല വേദനയെടുക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അത്രയും മാത്രം എനിക്ക് ഓര്‍മയുണ്ട്. അന്നത്തോടെ ആ സിനിമയിലെ അദ്ദേഹത്തിന്റെ വര്‍ക്ക് കഴിയുകയും ചെയ്തു.
പിന്നെ ഡബ്ബിങ്ങിന് വന്നപ്പോള്‍ അതിനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല ചെറിയൊരു തലവേദന മാത്രമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. പിന്നീട് കുറേ നാളുകള്‍ കഴിഞ്ഞാണ് ഞാന്‍ അറിയുന്നത് ജഗന്‍നാഥന്‍ സാര്‍ കണ്ണിന്റെ ട്രീറ്റ്‌മെന്റിലാണെന്ന്. റെറ്റിനക്ക് എന്തോ കുഴപ്പം വന്നിട്ടുണ്ടെന്നും പറഞ്ഞു. ഏതോ ഒരു പടത്തില്‍ ബോംബ് പൊട്ടുന്നത് അഭിനയിച്ചപ്പോഴാണ് അങ്ങനെ സംഭവിച്ചതെന്നും പറഞ്ഞു. പിന്നെ ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ പോയിരുന്നു,’ ദിനേശ് പണിക്കര്‍ പറഞ്ഞു.
content highlight: producer dinesh panicker share memories in boxer movie location