ട്രോള്‍, വി.എഫ്.എക്‌സ്, ബോയ്‌കോട്ട് ആദിപുരുഷ് പിടിച്ച പുലിവാലുകള്‍ | D Movies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ടീസര്‍ റിലീസ് ചെയ്തതിന് ശേഷമുണ്ടായ പുകിലുകള്‍ ആഘോഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പ്രഭാസിന്റെ ആദിപുരുഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ടീസര്‍ റിലീസിന് പിന്നാലെ ചിത്രത്തിന് വലിയ ട്രോളുകളാണ് ലഭിച്ചത്. ടീസറില്‍ ഉയര്‍ന്ന ട്രോളുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ നായകനും സംവിധായകനും വളരെ സീരിയസായി പറയുന്ന ചില കാര്യങ്ങളും കോമഡിയാവുകയാണ്.

ഇതിലൊരു കാര്യം കുട്ടികള്‍ക്കും ഫാമിലി ഓഡിയന്‍സിനും വേണ്ടി ഒരുക്കിയ സിനിമയാണ് ആദിപുരുഷെന്ന് പ്രഭാസ് പറഞ്ഞതാണ്. സാധാരണ ഒരു സിനിമ പരാജയപ്പെടുമ്പോള്‍ സിനിമാക്കാര്‍ പറയുന്ന സ്ഥിരം പല്ലവിയാണ് ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തു എന്നത്. സിനിമയുടെ റിലീസിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രഭാസ് ഇത് പറഞ്ഞിരിക്കുകയാണ്. ഇനി സിനിമയുടെ റിലീസിന് ശേഷം നടക്കാന്‍ പോകുന്നത് മുന്‍കൂട്ടി കണ്ടിട്ടാണോ പ്രഭാസ് ഇത് പറയുന്നതെന്ന് അറിയില്ല.

ഓം റൗട്ടിന്റെ സ്‌ക്രീന്‍ പ്ലേയും അദ്ദേഹം ചരിത്രത്തേയും ഇന്ത്യയുടെ സംസ്‌കാരത്തേയും ഒന്നിപ്പിച്ച രീതിയുമാണ് എന്നെ ഈ ചിത്രത്തിനായി സൈന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രബാസ് പറഞ്ഞത്. വവ്വാലിനോട് സാദൃശ്യമുള്ള ജീവിയുടെ പുറത്തിരിക്കുന്ന രാവണനൊക്കെ ഏത് സംസ്‌കാരത്തിലും ചരിത്രത്തിലുമാണ് ഉള്ളതെന്ന് മനസിലാവുന്നില്ല. ലാവണന്‍ ലങ്കയിലേതായതുകൊണ്ട് ചിലപ്പോള്‍ ലങ്കയിലെ സംസ്‌കാരത്തിലും ചരിത്രത്തിലും അങ്ങനെ കാണും.

കൊമേഴ്സ്യല്‍ സിനിമ എന്ന നിലയില്‍ കൂടിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഫാന്‍സിനും സന്തോഷമാകുമെന്നും പ്രഭാസ് പറയുന്നു. ടീസര്‍ കണ്ടപ്പോള്‍ തന്നെ ഫാന്‍സിന് പെരുത്ത് സന്തോഷമായി കാണും.

രാഘവ് എന്ന കഥാപാത്രത്തെ പറ്റി എഴുതുമ്പോഴെല്ലാം എന്റെ മനസില്‍ ഉണ്ടായിരുന്നത് പ്രഭാസ് ആയിരുന്നുവെന്നും അദ്ദേഹം അഭിനയിച്ചില്ലെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നുവെന്നും ഓം റൗട്ട് പറയുന്നു. പ്രഭാസ് തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ഓം റൗട്ടിന്് നിര്‍ബന്ധമായിരുന്നു.

വെറൈറ്റി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇത് ടീസര്‍ പുറത്തിറങ്ങിയതിന് ശേഷം നല്‍കിയ അഭിമുഖമാണോ അതിന് മുമ്പ് നല്‍കിയതാണോ എന്നറിയില്ല. ടീസര്‍ റിലീസിന് പിന്നാലെ പിന്നാലെ പ്രഭാസ് സംവിധായകന്‍ ഓം റൗട്ടിനെ റൂമിലേക്ക് വിളിക്കുന്ന വീഡിയോയും വൈറലാവുകയാണ്. വളരെ സീരിയസായി ‘ഓം എന്റെ റൂമിലേക്ക് ഒന്ന് വരൂ,’ എന്നാണ് പ്രഭാസ് വീഡിയോയില്‍ പറയുന്നത്. ടീസര്‍ കണ്ട് കലിപ്പിളകിയപ്രഭാസ് സംവിധായകനെ പഞ്ഞിക്കിടാന്‍ വിളിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ വരുന്നത്.

ഇതിനിടക്ക് ആദിപുരുഷിന്റെ വി.എഫ്.എക്സ് ചെയ്തത് തങ്ങളല്ല എന്ന് വ്യക്തമാക്കി പ്രശ്സ്ത വി.എഫ്.എക്സ് കമ്പനിയായ എന്‍.വൈ. വി.എഫ്.എക്സ് വാലാ രംഗത്തെത്തിയിരുന്നു. ആദിപുരുഷിന്റെ വി.എഫ്.ക്സില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും നിലവില്‍ ചിത്രത്തിന്റെ സി.ജി, സ്പെഷ്യല്‍ ഇഫ്ക്ടില്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നും എന്‍.വൈ വി.എഫ്.എക്സ് പറഞ്ഞു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമേ ചിത്രത്തിനെതിരെ ബോയ്‌കോട്ട് ക്യാമ്പെയ്‌നും ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. ചിത്രത്തിന്റെ വി.എഫ്.എക്‌സിലെ പോരായ്മകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ബോയ്‌കോട്ട് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

രാമായണത്തില്‍ രാമനേയും രാവണനേയും വിവരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ആദിപുരുഷില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാമന്‍ ശാന്തരൂപനും ദയാലുവുമാണെന്നും എന്നാല്‍ ആദിപുരുഷിലെ രാമനെ അഗ്രസീവായി അവതരിപ്പിക്കുന്നുവെന്നും നെറ്റിസണ്‍സ് പറയുന്നു. ആദിപുരുഷിലെ രാവണന് ഇസ്‌ലാമിക് രൂപം കൊടുത്തതിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പ്ലാനെറ്റ് ഓഫ് ദി ഏപ്‌സ്, അവഞ്ചേഴ്‌സ്, ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരിസ് എന്നിവയില്‍ നിന്നെല്ലാം കോപ്പിയടിച്ച രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നും ബോയ്‌കോട്ടിന് ആഹ്വാവം ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. 1987ല്‍ പുറത്ത് വന്ന രാമാനന്ദ് സാഗറിന്റെ രാമയണത്തോട് കിടപിടിക്കാന്‍ പോലും ആദിപുരുഷിനാവില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.

2020ല്‍ ജെ.എന്‍.യു യൂണിവേഴ്‌സിറ്റിയില്‍ നടന്ന അക്രമത്തെ കുറിച്ച് കൃതി സെനണ്‍ ചെയ്ത ട്വീറ്റും ട്വിറ്ററില്‍ ചര്‍ച്ചയാവുന്നുണ്ട്. സി.എ.എ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മാസ്‌ക് അണിഞ്ഞ എ.ബി.വി.പിയിലെ അംഗങ്ങളുടെ സംഘം കാമ്പസില്‍ കയറി ആക്രമിക്കുകയായിരുന്നു. ഇതിനെതിരെയാണ് 2020ല്‍ കൃതി ട്വീറ്റ് ചെയ്തത്.

‘ജെ.എന്‍.യുവില് സംഭവിച്ചത് കണ്ട് എന്റെ ഹൃദയം തകരുന്നു. മാസ്‌ക് അണിഞ്ഞ ഭീരുക്കള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. രാഷ്ട്രീയ അജണ്ടകള്‍ക്കായി പല കളികള്‍ നടക്കുന്നു. അക്രമം ഒന്നിനും പരിഹാരമല്ല. നമുക്ക് എങ്ങനെയാണ് ഇത്രയും മനുഷ്യത്വമില്ലാതെ പെരുമാറാനാവുന്നത്,’ എന്നായിരുന്നു കൃതി ട്വീറ്റ് ചെയ്തത്.

അന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ കൃതി ഇന്ന് ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാകുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Content Highlight: problems faced by adipurush after the release of the teaser video story