പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് തോറ്റയിടത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം വിജയിക്കുന്നു
World News
പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് തോറ്റയിടത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം വിജയിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2024, 6:35 pm

ഇത് മൂന്നാം തവണ. യു.എസിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ലോക പ്രശസ്ത കെട്ടിടമായ ഹാമില്‍ട്ടണ്‍ ഹാളിന്റെ പേര് മാറ്റിക്കൊണ്ട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത് ഇത് മൂന്നാം തവണയാണ്. 1985ല്‍ ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡുകള്‍ക്കെതിരെ, 1965ല്‍ വിയറ്റ്‌നാം സമരത്തിനെതിരെ ഇപ്പോള്‍ ഗസയിലെ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും.

ഇസ്രഈല്‍ ടാങ്കറുകളാല്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലികയായ റജബ് ഹിന്ദിന്റെ മരണത്തില്‍ അപലപിച്ച്, പിടിച്ചെടുത്ത ഹാമില്‍ട്ടണ്‍ ഹാളിന്റെ പേര് യു.എസിലെ ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ഹിന്ദ് ഹാള്‍ എന്നാക്കി മാറ്റി. പിടിച്ചെടുത്ത ഹാളില്‍ നിന്നുകൊണ്ട്, ഗസയിലെ വംശഹത്യയ്ക്ക് തങ്ങളുടെ രാജ്യം നല്‍കുന്ന പിന്തുണയെ യു.എസ് വിദ്യാര്‍ത്ഥികള്‍ രൂക്ഷമായി വിമര്‍ശിച്ചു. നിലവില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ അമേരിക്ക അടിപതറിയിരിക്കുന്നു എന്നതാണ് വാസ്തവം.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രഈലിനെതിരെ ശബ്ദമുയര്‍ത്തുന്ന 2500ലധികം വരുന്ന വിദ്യാര്‍ത്ഥികളെയും പ്രൊഫസർമാരെയും യു.എസ് പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സയണിസ്റ്റ് ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകളും അധികൃതരും നല്‍കി വരുന്ന ധന സഹായങ്ങള്‍ ഉള്‍പ്പെടെയുള്ളവ എന്നന്നേക്കുമായി അവസാനിപ്പിക്കുക എന്നതാണ് പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.

എന്നാല്‍ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ നിഷ്‌കരുണം തള്ളിക്കൊണ്ട് യു.എസ് സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് കൂട്ട സസ്പെന്‍ഷനും. നിലവില്‍ യു.എസിലെ ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ കേന്ദ്രമായി കൊളംബിയ സര്‍വകലാശാല മാറിയിരിക്കുന്നു. ക്യാമ്പസില്‍ സമാധാനപരമായി പ്രതിഷേധങ്ങള്‍ നടത്തിയിരുന്ന ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാന്‍ സര്‍വകലാശാല പ്രസിഡന്റായ മിനൗഷെ ഷഫീഖിന്റെ അനുമതിയ്ക്ക് പിന്നാലെയാണ് യു.എസില്‍ പ്രക്ഷോഭം കനക്കുന്നത്.

‘സമാധാനപരമായി പ്രതിഷേധിച്ചതിന് ഞങ്ങളുടെ നൂറിലധികം സഹപാഠികളെയും സഹപ്രവര്‍ത്തകരെയും എന്‍.വൈ.ഡി.പി അറസ്റ്റ് ചെയ്തപ്പോള്‍ നൂറുകണക്കിന് ക്യാമ്പസ് അഫിലിയേറ്റുകള്‍ അതിന് സാക്ഷിയായിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1968ലെ യുദ്ധവിരുദ്ധ പ്രതിഷേധത്തിനിടെ എന്‍.വൈ.ഡി.പിയെ അധികൃതര്‍ ക്യാമ്പസിലേക്ക് ക്ഷണിച്ചപ്പോഴും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു,’ക്യാമ്പസ് പത്രമായ കൊളംബിയ സ്‌പെക്ടേറ്ററിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് സര്‍വകലാശാലയുടെ ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചു.

ഫലസ്തീന്‍ അനുകൂല നിലപാടില്‍ യു.എസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമറിന്റെ മകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭം കനത്തതോടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ കയറുന്നതില്‍ ജൂത പുരോഹിതര്‍ വിലക്കേര്‍പ്പെടുത്തി. നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവെച്ച് വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു.

പക്ഷെ ഇസ്രഈലിന് നല്‍കുന്ന പിന്തുണയില്‍ നിന്ന് എപ്പോഴാണോ തങ്ങള്‍ കാലുറപ്പിച്ചരിക്കുന്ന സ്ഥാപനങ്ങള്‍ പിന്മാറുന്നത് അന്ന് തങ്ങള്‍ വംശഹത്യ ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം നിര്‍ത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ രൂക്ഷമായി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളെ തടയാന്‍ നാഷണല്‍ ഗാര്‍ഡ് കോര്‍പ്‌സിനെ വരെ ക്യാമ്പസുകളിലിറക്കുമെന്ന് യു.എസ് പറഞ്ഞുനോക്കി. എന്നാല്‍ ആ ഭീഷണിയിലും ഫലസ്തീന്‍ അനുകൂലികള്‍ക്ക് അടിപതറിയില്ല.

കൊളംബിയ സര്‍വകലാശാലയ്ക്ക് പുറമെ മസാച്യുസെറ്റ്സ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് തുടങ്ങിയ അമേരിക്കയിലെ 21 സര്‍വകലാശാലകളിലും ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുകയുണ്ടായി. ഹാര്‍വാഡ്, യേല്‍, യുസി ബെര്‍ക്ക്ലി ഉള്‍പ്പടെ യു.എസിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്.

വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ നിന്ന് നേരിടുന്നത് കടുത്ത മര്‍ദനങ്ങള്‍ ആണെന്നതും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ യു.എസ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് കോളേജ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നടപടിയായിരുന്നെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുപുറമെ സര്‍വകലാശാലകളിലെ ജൂത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് രണ്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവന്‍ സമയവും ക്യാമ്പസുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ കരട് ബില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളും പൊലീസിന്റെ അതിക്രമത്തിന് ഇരയായിരുന്നു. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് തടഞ്ഞ പ്രൊഫസറെ പൊലീസ് മര്‍ദിക്കുന്നതിന്റെയും കൈവിലങ്ങ് ധരിപ്പിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി. ജോ ബൈഡന്‍ പങ്കെടുത്ത പരിപാടികള്‍ക്കിടയിലും ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തികൊണ്ട് പ്രതിഷേധം അറിയിച്ചിരുന്നു.

ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ കടുപ്പിച്ചതില്‍ ഇന്ത്യയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കൊളംബിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. കൊളംബിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്ന് ജെ.എന്‍.യു യൂണിയന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രപരമായ ഇടപെടലുകളില്‍ നിന്ന് വ്യതിചലിച്ച് നിലപാടുകള്‍ സ്വീകരിക്കുന്ന ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വിദേശ താത്പര്യങ്ങളെയും അപലപിക്കുന്നുവെന്ന് യൂണിയന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം യു.എസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലേക്കും ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വ്യാപിക്കുന്നതായി ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്സിറ്റില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നാല് മണിക്കൂറിനുള്ളില്‍ 60 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് വളയുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സര്‍വകലാശാല അഡ്മിനിസ്ട്രേറ്റര്‍മാര്‍ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടത്.

ജര്‍മനിയിലെ സര്‍വകലാശാലകളിലും സമാനമായി നടന്ന പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഓസ്ട്രേലിയയിലേക്കും ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവിടെയെല്ലാം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ് വേദനാജനകം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലെ ബൈഡന്റെയും നെതന്യാഹുവിന്റേയും പ്രതികരണങ്ങളാണ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രകോപിതരാക്കുന്നത്.

സമീപകാലങ്ങളിലായി രാജ്യത്ത് ജൂതന്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും സമൂഹത്തിലും കലാലയങ്ങളിലും ഓണ്‍ലൈനിലും ഇതിനായുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും രാജ്യത്തൊരിടത്തും പ്രത്യേകിച്ച് കലാലയങ്ങളില്‍ ഇത് അനുവദിക്കില്ലെന്നുമായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.

അതേസമയം യു.എസിലെ ക്യാമ്പസുകളില്‍ നടക്കുന്ന സമരങ്ങള്‍ ജൂത വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നുമായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. സമരക്കാര്‍ ജൂത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇരു നേതാക്കളുടെയും നിലപാടില്‍ പ്രതിഷേധമറിയിച്ച വിദ്യാര്‍ത്ഥികള്‍ ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശക്തമായി അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതൊരു സമൂഹവും എല്ലാ കാലത്തും വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥി പ്രക്ഷോങ്ങളെയും ഭയപ്പെട്ടിട്ടുണ്ടെന്ന് യു.എസിലെയും യൂറോപ്പിലെയും ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Pro-Palestinian student protests intensify in America