ലക്‌നൗ: കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കുത്തക മുതലാളിമാരായ മോദിയുടെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണെന്നും കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതല്ലെന്നും പ്രിയങ്ക പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
രാജ്യത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാരാണ്.തെരഞ്ഞെടുപ്പ് നടത്തുന്നതും അവരാണ്. ഈ രാജ്യത്തെയൊന്നാകെ കുത്തക മുതലാളിമാര്‍ക്ക് വിറ്റിരിക്കുകയാണ് മോദി, പ്രിയങ്ക പറഞ്ഞു.
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദിയ്ക്ക് സമയമുണ്ടെന്നും അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കേവലം മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ നിന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ സമയമില്ലെന്നും പ്രിയങ്ക പറഞ്ഞു.
രാഹുല്‍ ഗാന്ധി നിങ്ങളോടൊപ്പമുണ്ട്. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയുണ്ട് നിങ്ങള്‍ക്ക്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കര്‍ഷകരോടൊപ്പം ഞങ്ങളുണ്ടായിരിക്കും, പ്രിയങ്ക പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. .യോഗി സര്‍ക്കാരിനെതിരെ കര്‍ഷകസമരം ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
അതിന്റെ ഭാഗമായി സഹറന്‍പൂരിലെ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തും പ്രിയങ്ക രംഗത്തെത്തിയിരുന്നു. തങ്ങളുടെ പിന്തുണ കര്‍ഷകര്‍ക്കാണെന്നറിയിച്ച പ്രിയങ്ക പ്രധാനമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക