Entertainment
ബോംബെയില്‍ ഉള്ള സംവിധായകര്‍ പോലും ആ ഫഹദ് ചിത്രത്തെ കുറിച്ച് സംസാരിച്ചു: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 19, 08:53 am
Wednesday, 19th February 2025, 2:23 pm

മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടി പ്രിയാമണി. ഒ.ടി.ടിയുടെ വരവോടെ മലയാളം സിനിമക്കുള്ള റീച്ച് കൂടിയെന്നും നായാട്ട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം കണ്ട് നോര്‍ത്ത് ഇന്ത്യയില്‍ ഉള്ള ആളുകള്‍ വരെ വിളിച്ച് നല്ലതാണെന്ന് പറഞ്ഞെന്നും പ്രിയാമണി പറയുന്നു.

ചില മലയാളം സിനിമകള്‍ നല്ലതാണെങ്കില്‍ പോലും നോര്‍ത്തിലുള്ളവര്‍ അറിയില്ലെന്നും അതിന് കാരണം അവ തിയേറ്റര്‍ റിലീസുകള്‍ ആയതാണെന്നും പ്രിയാമണി പറഞ്ഞു. എന്നാല്‍ ഒ.ടി.ടിയുടെ വരവോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും ഇപ്പോള്‍ സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ ഭാഷ അറിയാത്തവര്‍ക്ക് പോലും മലയാള സിനിമ കാണാന്‍ കഴിയുമെന്നും നടി കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയാമണി.

‘നായാട്ട് എന്ന സിനിമ ഒ.ടി.ടിയില്‍ വന്നതിന് ശേഷം നോര്‍ത്തിലുള്ള ആളുകള്‍ വിളിച്ചിട്ട് നല്ല സിനിമയാണെന്ന് പറഞ്ഞു. അവരും അങ്ങനെയുള്ള സിനിമകള്‍ കാണാന്‍ വേണ്ടി തുടങ്ങി. ചില നല്ല മലയാളം സിനിമയൊന്നും അവര്‍ക്ക് അറിയണം എന്നില്ല. കാരണം അത് തിയേറ്റര്‍ റിലീസ് ആയിരിക്കും. അവിടെയാണ് ഒ.ടി.ടിയുടെ പവര്‍.

ഞാന്‍ കഴിഞ്ഞ ദിവസം കൂടി കുറച്ച് സംവിധായകരെ ബോംബെയില്‍ വെച്ച് കണ്ടിരുന്നു. അവരെല്ലാം മലയാളം സിനിമയെ കുറിച്ചാണ് സംസാരിക്കുന്നത്. പ്രേമലു ആണെങ്കിലും ആവേശം ആണെങ്കിലും എല്ലാവരും അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് കാരണം ആ സിനിമകളെല്ലാം തന്നെ ഒ.ടി.ടിയില്‍ വന്നിട്ടുണ്ട്.

നോര്‍ത്ത് ഇന്ത്യയില്‍ ഉള്ളവര്‍ നമ്മുടെ സിനിമകള്‍ കൂടുതലും തിയേറ്ററില്‍ പോയി കാണാറില്ല. കാരണം അവര്‍ക്ക് ഭാഷ അറിയില്ല. സബ്‌ടൈറ്റിലുകള്‍ ഉപയോഗിക്കുന്ന തിയേറ്ററുകളുടെ എണ്ണവും കുറവാണ്. എന്നാല്‍ ഒ.ടി.ടി വന്നതോടെ അവര്‍ക്ക് ഭാഷ അറിയില്ലെങ്കിലും സബ്‌ടൈറ്റിലിന്റെ സഹായത്തോടെ സിനിമ കാണാന്‍ കഴിയും,’ പ്രിയാമണി പറയുന്നു.

Content highlight: Priyamani talks about the importance of OTT platforms in malayalam cinema