Entertainment
എന്നെ ചവിട്ടുന്ന സീന്‍ ചെയ്യുന്നതിന് മുമ്പും ശേഷവും ആ നടന്‍ ഒരുപാട് തവണ സോറി പറഞ്ഞു, അത്യാവശ്യം നല്ല ചവിട്ടായിരുന്നു കിട്ടിയത്: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 10:09 am
Monday, 24th February 2025, 3:39 pm

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്. ചിത്രത്തില്‍ നായികയായെത്തിയത് പ്രിയാമണിയായിരുന്നു. പദ്മശ്രീ എന്ന കഥാപാത്രത്തെയാണ് പ്രിയാമണി പ്രാഞ്ചിയേട്ടനില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രിയാമണിയുടെ കഥാപാത്രത്തെ മമ്മൂട്ടി ചവിട്ടുന്ന രംഗമുണ്ട്. ആ സീനിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രിയാമണി.

ആ സീന്‍ ചെയ്യുന്നതിന് മുമ്പ് മമ്മൂട്ടി തന്നോട് ഒരുപാട് തവണ സോറി പറഞ്ഞെന്ന് പ്രിയാമണി പറഞ്ഞു. ചെറുതായി ചവിട്ടുന്നത് പോലെ ആക്ഷന്‍ കാണിക്കാമെന്നും അതിനനുസരിച്ച് ബിഹേവ് ചെയ്‌തോളൂ എന്ന് മമ്മൂട്ടി നിര്‍ദേശിച്ചെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതൊന്നും ആവശ്യമില്ലെന്ന് താന്‍ പറഞ്ഞെന്നും ശരിക്കും ചവിട്ടാന്‍ ആവശ്യപ്പെട്ടെന്നും പ്രിയാമണി പറഞ്ഞു.

ആ സീന്‍ എടുത്തതിന് ശേഷവും മമ്മൂട്ടി തന്നോട് ഒരുപാട് തവണ സോറി പറഞ്ഞെന്നും തന്നെ കംഫര്‍ട്ടാക്കിയതിന് ശേഷമാണ് അദ്ദേഹം അടുത്ത സീന്‍ ചെയ്യാന്‍ പോയതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. അത്യാവശ്യം നല്ല ചവിട്ടായിരുന്നു കിട്ടിയതെന്നും പ്രിയാമണി പറഞ്ഞു. സമകാലികം മലയാളത്തിനോട് സംസാരിക്കുകയായിരുന്നു പ്രിയാമണി.

‘പ്രാഞ്ചിയേട്ടന്‍ എന്ന സിനിമയില്‍ മമ്മൂക്ക എന്നെ ചവിട്ടുന്ന സീനുണ്ട്. ആ സീന്‍ ചെയ്യുന്നതിന് മുമ്പ് പുള്ളി എന്റെയടുത്ത് വന്ന് ഒരുപാട് തവണ സോറി പറഞ്ഞു. ‘ഞാന്‍ ചവിട്ടുന്നതുപോലെ ചെറിയൊരു ആക്ഷനിടാം, അതിനനുസരിച്ച് വീണാല്‍ മതി’ എന്ന് മമ്മൂക്ക പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും ശരിക്കും ചവിട്ടാനും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

ആ സീന്‍ എടുത്തപ്പോള്‍ മമ്മൂക്ക ശരിക്ക് ചവിട്ടി. സ്റ്റണ്ട് കാരുടെ മാറ്റിലേക്കാണ് ചെന്ന് വീണത്. സീന്‍ ഓക്കെയായതിന് ശേഷവും അദ്ദേഹം എന്നോട് വീണ്ടും സോറി പറഞ്ഞു. അത്യാവശ്യം നല്ല ചവിട്ടായിരുന്നു കിട്ടിയത്. ഞാന്‍ ഓക്കെയായതിന് ശേഷമാണ് മമ്മൂക്ക അടുത്ത സീന്‍ ചെയ്യാന്‍ പോയത്,’ പ്രിയാമണി പറഞ്ഞു.

Content Highlight: Priyamani shares the shooting experience with Mammootty in Pranchiyettan and the Saint movie