മലയാളത്തിലിറങ്ങിയ പല ഹിറ്റ് ചിത്രങ്ങളും ബോളിവുഡില്‍ റീമേക്ക് ചെയ്ത് അവിടെയും ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് പ്രിയദര്‍ശന്‍. റീമേക്ക് ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്ന ബോളിവുഡില്‍ തന്റെ ചിത്രങ്ങള്‍ എങ്ങനെയാണ് വിജയിച്ചതെന്ന് പറയുകയാണ് സംവിധായകന്‍.
‘എനിക്ക് മുമ്പേതന്നെ മലയാളത്തില്‍നിന്ന് ഒരുപാട് സിനിമകള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ‘വാഴ്‌വേ മായം’ എന്ന സിനിമ ‘ആപ് കി കസം’ എന്ന സിനിമയായപ്പോള്‍ ആരും സത്യന്‍ മാഷിനെയും രാജേഷ് ഖന്നയെയും താരതമ്യപ്പെടുത്തിയിട്ടില്ല. പൊതുവേ റീമേക്ക് സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെടുകയാണ് രീതി.
അതിനുള്ള കാരണം സമാനരീതിയില്‍ റീമേക്ക് ചെയ്യുന്നതു കൊണ്ടാണ്. തമിഴ് സിനിമയോ തെലുങ്ക് സിനിമയോ അതേപോലെ ഹിന്ദിയില്‍ ആക്കിയാല്‍ ഭാഷ മാത്രം മാറുന്നു എന്നല്ലാതെ മറ്റൊന്നുമില്ല. അപ്പോള്‍ ബോളിവുഡ് പ്രേക്ഷകര്‍ക്ക് ആ സിനിമ മനസ്സിലാകില്ല. അതിനാല്‍ റീമേക്കുകള്‍ പരാജയങ്ങളായി. ഇത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.
അതുകൊണ്ട് ഞാന്‍ മറ്റൊരു രീതി സ്വീകരിച്ചു. ഏത് സിനിമയാണോ റീമേക്ക് ചെയ്യുന്നത് അതിനെ മാറ്റിയെഴുതി ബോളിവുഡ് പ്രേക്ഷകരുടെ സിനിമയാക്കി മാറ്റുക. അതുവഴി റീമേക്കില്‍ ഒരു കള്‍ച്ചര്‍ ഷിഫ്റ്റ് നടത്തുക,’ പ്രിയദര്‍ശന്‍ പറയുന്നു.
മണിച്ചിത്രത്താഴിനെ ബൂല്‍ ബുലയ്യയാക്കിയപ്പോള്‍ പ്രേക്ഷകര്‍ അത് സ്വീകരിച്ചത് ഉദാഹരണമായി പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി. ‘ബൂല്‍ ബുലയ്യ’ രാജസ്ഥാനി പശ്ചാത്തലത്തിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ രാജകുടുംബങ്ങളില്‍ നടക്കുന്ന കഥയാക്കി മാറ്റി. പ്രേക്ഷകര്‍ക്ക് അത് എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ സാധിച്ചുവെന്നും പ്രിയദര്‍ശന്‍ പറയുന്നു.
‘തേവര്‍ മകന്‍’ എന്ന സിനിമ ‘വിരാസത്ത്’ ആയപ്പോഴും അങ്ങനെയൊരു കള്‍ച്ചറല്‍ ഷിഫ്റ്റ് നടത്താന്‍ സാധിച്ചുവെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.