സിനിമകൾ ചെയ്യുമ്പോൾ ഏറ്റവും വെല്ലുവിളിയാകുന്നത് തിരക്കഥയാണെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. പണ്ട് തനിക്ക് തിരക്കഥകൾ സമ്മാനിച്ചിരുന്ന ടി. ദാമോദരൻ ഇന്നില്ലെന്നും ശ്രീനിവാസന് ആരോഗ്യപ്രശ്നങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത്രയും സിനിമകൾ ചെയ്തിട്ടും ഏറ്റവും വെല്ലുവിളിയായിട്ട് എനിക്ക് തോന്നുന്നത് തിരക്കഥയാണ്. എനിക്കിപ്പോൾ ശ്രീനിവാസനും ദാമോദരൻ മാഷും ഇല്ല. ഇവരുടെ കൂടെയാണ് ഞാൻ ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത്. ഇവർ രണ്ടുപേരും ഇല്ലാതായപ്പോൾ എല്ലാം ഞാൻ തന്നെ ചെയ്യേണ്ടിവന്ന അവസ്ഥയായി.
‘ഒപ്പം’ എന്ന ചിത്രം മറ്റൊരാളുടെ കഥയായിരുന്നു. അതിനു തിരക്കഥ ഞാൻ തന്നെ എഴുതണം. കാരണം ഞാൻ തന്നെ എഴുതിയാലേ എന്റെ ഭാവനയിൽ കണ്ടത് തിരക്കഥയിൽ കിട്ടൂ.
ആദ്യം എഴുതിക്കഴിഞ്ഞിട്ട് ഞാൻ വായിച്ച് കേൾപ്പിക്കും. പണ്ട് എനിക്ക് ആ സ്വഭാവം ഇല്ലായിരുന്നു. ഞാൻ സെറ്റിൽ ഇരുന്ന് തിരക്കഥ എഴുതുമായിരുന്നു. അതൊരു ചങ്കൂറ്റമായിരുന്നു. ഇന്ന് അതിനുള്ള ധൈര്യമില്ല. ഇപ്പോൾ ഞാൻ ഒരു ഡ്രാഫ്റ്റ് എഴുതിയിട്ട് എല്ലാവരെയും വായിച്ച് കേൾപ്പിക്കും. അവർക്ക് അത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് നോക്കിയിട്ട് അത് തിരുത്തും. കുറച്ച് ദിവസം അത് മാറ്റിവച്ചിട്ട് വീണ്ടും അത് തിരുത്തും. ഒരു തിരക്കഥയുടെ പോളിഷിങ് നടത്തും. അതിനു നല്ല സമയം വേണം. എനിക്കിപ്പോഴും അറിയില്ല ഞാൻ എങ്ങനെയാണ് ഒരു വർഷം 8 സിനിമയൊക്കെ ചെയ്തിരുന്നതെന്ന്.