കൊച്ചി: മരക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന വിവാദങ്ങളില്‍ തിയേറ്റര്‍ സംഘടനയിലെ ചിലര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും തിയേറ്റര്‍ സംഘടനയില്‍പ്പെട്ട ചിലര്‍ സംസ്‌കാരം തൊട്ടുതീണ്ടാത്ത ഭാഷയാണ് ഉപയോഗിച്ചതെന്നും പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.
‘നിങ്ങള്‍ക്ക് ലാഭം കിട്ടിയാല്‍ ഒരു പത്ത് ശതമാനം മാത്രം തരണമെന്ന് മാത്രമേ ആന്റണി പറഞ്ഞിട്ടുള്ളൂ. അത് മാറ്റിപ്പറയുന്നത് ശരിയല്ല. അവര്‍ ഉപയോഗിക്കുന്ന ഭാഷകള്‍ യാതൊരു സംസ്‌കാരവും ഇല്ലാത്തതാണ്. പ്രേംനസീറും ജയനും പോയപ്പോഴും ഇവിടെ സിനിമ നിന്നിട്ടുണ്ട്, മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്തൊക്കെ വൃത്തിക്കേടുകളാണ് വിളിച്ചുപറയുന്നത്.
എല്ലാവരും അല്ല, സംസ്‌കാരം ഇല്ലാത്ത ചിലര്‍. സൂപ്പര്‍സ്റ്റാര്‍ ഇല്ലെങ്കിലും ഞങ്ങള്‍ സിനിമ ചെയ്യും എന്നൊക്കെയാണ് പറയുന്നത്. ആയിക്കോട്ടെ, എങ്കിലും സംസാരിക്കുമ്പോള്‍ ഒരു മിനിമം സംസ്‌കാരം വേണ്ടേ, ഒരു അസോസിയേഷനല്ലേ, ഇങ്ങനെയൊക്കെയാണോ സംസാരിക്കേണ്ടത്.
ഇങ്ങനെയൊക്കെയുള്ള യാതൊരു സംസ്‌കാരം തീണ്ടിയിട്ടില്ലാത്ത സംസാരം വന്നാല്‍ എല്ലാവര്‍ക്കും തോന്നും ഒന്നും വേണ്ടെന്ന്. അങ്ങനെയൊന്നും സംസാരിക്കാന്‍ പാടില്ലന്നേ..നമ്മള്‍ ഒക്കെ മലയാളികളാണ്. ഒരേ ഇന്‍ഡസ്ട്രിയാണ്. തിയേറ്ററിനെ ആശ്രയിച്ച് സിനിമ നില്‍ക്കുന്നുണ്ട്. നിര്‍മാതാവിനെ ആശ്രയിച്ചും ഡിസ്ട്രിബ്യൂട്ടറെ ആശ്രയിച്ചും നടന്മാരെ ആശ്രയിച്ചും സംവിധായകനെ ആശ്രയിച്ചും സിനിമ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകള്‍ ആവശ്യമാണ്.
15 കോടി രൂപ വേണമെന്നൊന്നും ആന്റണി പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു സാഹചര്യം ആയതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് സഹായിക്കാമോ എന്നാണ് ആന്റണി ചോദിച്ചത്. നിങ്ങള്‍ക്ക് നഷ്ടം വന്നാല്‍ ഒന്നും ചെയ്യേണ്ട. നഷ്ടം വന്നില്ലെങ്കില്‍ ചെയ്യാമോ എന്നേ ചോദിച്ചിട്ടുള്ളൂ. എന്നിട്ട് ഇതിനെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച് ആളുകള്‍ക്ക് മുന്നില്‍ പറയുക എന്നാല്‍ വളരെ കഷ്ടമുള്ള കാര്യമാണ്, പ്രിയദര്‍ശന്‍ പറഞ്ഞു.
മരക്കാര്‍ വിവാദത്തില്‍ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ചുകൊണ്ടായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തിയത്. തിയേറ്റര്‍ ഉടമകളില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച സഹകരണം ഉണ്ടായില്ലെന്നായിരുന്നു പ്രിയന്‍ പറഞ്ഞത്.
മോഹന്‍ലാലിനും തനിക്കുമെല്ലാം ചിത്രം തിയേറ്ററില്‍ എത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ തങ്ങളുടെ സ്വപ്നത്തിന്റെ പേരില്‍ നിര്‍മാതാവിന് നഷ്ടമുണ്ടാകരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രിയന്‍ കൂട്ടിച്ചേര്‍ത്തു.
തിയേറ്ററുകാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മലയാള സിനിമയ്ക്ക് സാമ്പത്തികമായി താങ്ങാന്‍ പറ്റാത്ത പ്രോജക്ടാണിത്. എന്റേയും മോഹന്‍ലാലിന്റേയും വാക്ക് കേട്ടാണ് ആന്റണി ഇത്തരമൊരു റിസ്‌കെടുക്കാന്‍ തയ്യാറായത്. 100 ശതമാനം തിയേറ്ററില്‍ കാണണമെന്ന് വിചാരിച്ചാണ് സിനിമയെടുത്തത്. പക്ഷെ റിസ്‌കെടുക്കുന്ന ഒരു മനുഷ്യനെ താന്‍ കുത്തുപാളയെടുപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ താനും ലാലും ആന്റണിയ്ക്കൊപ്പമാണെന്നും സ്വാര്‍ത്ഥ താല്‍പര്യങ്ങളും ഈഗോയും വെച്ച് പോയാല്‍ ഈ കൊവിഡ് കാലത്ത് സിനിമയ്ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. തിയേറ്ററില്‍ കൊണ്ടുവരാനുള്ള എല്ലാ സാധ്യതകളും തേടിയെന്നും എന്നാല്‍ ഫലവത്തായില്ലെന്നുമായിരുന്നു ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.