തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.
ബസുടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഫെബ്രുവരി 20ന് മുന്‍പ് പരിഹാരം കാണുമെന്ന് മന്തി ഉറപ്പ് നല്‍കിയിതിനാലാണ് സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് ബസുടമകള്‍ അറിയിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പരിഹാരമുണ്ടായില്ലെങ്കില്‍ ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസുടമകള്‍ അറിയിച്ചു.
മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി നാല് മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന ബസുടമകള്‍ അറിയിച്ചതോടെയാണ് സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തിയത്. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി.
ഇന്ധന വില വര്‍ദ്ധനവ് പരിഗണിച്ച് മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ച് രൂപയാക്കി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ബസുടുമകള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഗതാഗത മന്ത്രി രണ്ട് മാസത്തെ സാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.