പഴയ ലാലേട്ടനെ കാണണമെന്ന് പറയുന്നവർ ഉദാഹരണമാക്കേണ്ടത് ആ കമൽഹാസൻ ചിത്രം: പൃഥ്വിരാജ്
Entertainment
പഴയ ലാലേട്ടനെ കാണണമെന്ന് പറയുന്നവർ ഉദാഹരണമാക്കേണ്ടത് ആ കമൽഹാസൻ ചിത്രം: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd September 2024, 10:56 am

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററിൽ വലിയ വിജയമായി മാറിയ ചിത്രമാണ് വിക്രം. ഒരിടവേളക്ക് ശേഷം വലിയ വിജയമായി മാറിയ കമൽ ഹാസൻ ചിത്രം കൂടിയാണ് വിക്രം. വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സിൽ ഉൾപ്പെടുന്നതായിരുന്നു.

വിക്രത്തിൽ ലോകേഷ് പുതിയ കമൽഹാസനെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചതെന്നും ഒരു സംവിധായകൻ അങ്ങനെയാണ് ചെയ്യേണ്ടതെന്നും പൃഥ്വിരാജ് പറയുന്നു. വിക്രം ഒരു ബ്രില്ല്യന്റ് വർക്ക്‌ ആണെന്നും
രജിനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെയെല്ലാം മുമ്പ് കാണാത്ത വിധം ഉപയോഗിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. പഴയ മോഹൻലാലിനെ കാണണം എന്ന് പറയുന്നത് ഒരു തരത്തിൽ അദ്ദേഹത്തിലെ നടനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പൃഥ്വി കൂട്ടിച്ചേർത്തു.

‘രജിനിസാർ, കമൽ സാർ, മമ്മൂട്ടി സാർ, മോഹൻലാൽ സാർ ഇവരെ പോലെ ആ ലെവലിലുള്ള വലിയ അഭിനേതാക്കളെ വെച്ചൊരു പടം എടുക്കുക എന്നത് ഇന്ന് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്.

കാരണം നമ്മൾ ഒരിക്കലും അവർ മുമ്പ് ചെയ്തിട്ടുള്ള തരത്തിലുള്ള വേഷങ്ങൾ തന്നെ അവരെ വെച്ച് ചെയ്യരുത്. മലയാളത്തിൽ തന്നെ ഒരു പൊതു സംസാരമുണ്ട്, ഞങ്ങൾക്ക് പഴയ ലാലേട്ടനെ കാണണം എന്ന്. അത് ശരിക്കും അദ്ദേഹത്തിലെ നടനെ അപമാനിക്കുന്നതിന് തുല്യമാണ്.

വിക്രം കാണുമ്പോൾ മനസിലാവും എത്ര ബ്രില്ല്യന്റായാണ് ലോകേഷ് അത് ചെയ്ത് വെച്ചിരിക്കുന്നത്. നമ്മൾ കമൽ ഹാസൻ സാറിന്റെ സീനുകൾ കാണുമ്പോൾ നമുക്ക് മനസിലാവും ലോകേഷ് ഇന്നത്തെ കമൽ സാറിനെയാണ് കാണിക്കുന്നത്. ലോകേഷ് ഏറ്റവും പുതിയ കമൽ ഹാസനെയാണ് കാണിക്കുന്നത്.

എന്നാൽ ആ ഷോട്ട് മേക്കിങ്ങിലും അതിന്റെ എഴുത്തിലും കമൽ സാറിന്റെ അഭിനയത്തിലുമെല്ലാം ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളൊക്കെ ചെറിയ ആളുകൾ എന്നൊരു ഫീൽ പറയാതെ പറയുന്നുണ്ട്. എനിക്കൊരുപാട് ഇഷ്ടമാണ് വിക്രം. ആളുകൾ ലൂസിഫറിനെ വിക്രത്തിനൊപ്പം ചേർത്ത് സംസാരിക്കുന്നുണ്ടെങ്കിൽ ഞാൻ അതൊരു കോംപ്ലിമെന്റ് ആയിട്ട് എടുക്കുകയാണ്,’പൃഥ്വിരാജ് പറയുന്നു.

Content Highlight:  Prithviraj Talk About Vikram Movie And Mohanlal