ആടുജീവിതം എന്ന നോവല്‍ സിനിമാരൂപത്തില്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്ഫോര്‍മേഷന്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 30 കിലോയോളമാണ് സിനിമക്ക് വേണ്ടി പൃഥ്വി കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാന്‍ എഴ് വര്‍ഷത്തോളമെടുത്തു . ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമക്ക് വേണ്ടി ഭാരം കുറച്ചപ്പോളുണ്ടായ അനുഭവം പൃഥ്വി പങ്കുവെച്ചു. ഡയറ്റിങ് അല്ലായിരുന്നെന്നും പട്ടിണി കിടന്നാണ് താന്‍ 31 കിലോ കുറച്ചതെന്നും താരം പറഞ്ഞു. ഇങ്ങനെ പട്ടിണി കിടന്ന സമയത്ത് എന്തായിരുന്നു തോന്നിയതെന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു.
‘ആക്ച്വലി ഒരു ഡയറ്റും ഞാന്‍ ഫോളോ ചെയ്തിരുന്നില്ല. ശരിക്ക് പറഞ്ഞാല്‍ പട്ടിണി കിടന്നാണ് 31 കിലോ കുറച്ചത്. ആ സമയത്തൊക്കെ വിശപ്പ് തോന്നുമായിരുന്നു. ക്രൂവിലുള്ളവര്‍ ലഞ്ച് കഴിക്കുന്നത് കാണുമ്പോള്‍, ചില ദിവസങ്ങളില്‍ അവര്‍ക്ക് ബിരിയാണിയൊക്കെയായിരുന്നു, അപ്പോഴൊക്കെ ഞാന്‍ മാത്രം കഴിക്കാതെ മാറിയിരിക്കും.
ആ സമയത്ത് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നത്, നജീബിനും ഇതുപോലെ വിശപ്പ് തോന്നിക്കാണില്ലേ? അയാള്‍ വിശന്ന് വലഞ്ഞ് ഇരുന്നിട്ടുണ്ടാവില്ലേ? അയാളുടെ ചോയ്‌സ് കാരണമായിരുന്നില്ലല്ലോ അയാള്‍ വിശന്നിരുന്നത്? അയാള്‍ക്ക് വേണ്ട കാലറീസ് കണക്കുകൂട്ടാന്‍ ഒരു ന്യൂട്രിഷനിസ്റ്റ് ഉണ്ടായിരുന്നില്ലല്ലോ. ഐ.വിയും ബി.പി. അപ്പാരറ്റസും ഒക്കെ റെഡിയാക്കി വെച്ചുകൊണ്ട് ഒരു ഡോക്ടറും അയാളുടെ കൂടെ ഉണ്ടായിരുന്നില്ലല്ലോ.
ഹാര്‍ട്ട് റേറ്റ് ഒക്കെ കൃത്യമായി നോക്കാന്‍ ഒരു ട്രെയിനറും കൂടെ ഉണ്ടായിരുന്നില്ലല്ലോ, അതുകൊണ്ട് മിണ്ടാതെ ഇതുപോലെ തന്നെ അങ്ങ് തുടര്‍ന്നോ എന്ന് പറയുമായിരുന്നു,’ പൃഥ്വി പറഞ്ഞു.
പൃഥ്വിരാജിനെക്കൂടാതെ അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Prithviraj saying that he think of real Najeeb when he reduced his weight