Entertainment news
കൃത്യമായ നികുതി; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ 'ഗുഡ്' സര്‍ട്ടിഫിക്കറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 01, 11:34 am
Saturday, 1st July 2023, 5:04 pm

2022-23 സാമ്പത്തിക വര്‍ഷത്തെ നികുതി കൃത്യമായി അടച്ചതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കമ്പനിയെ അഭിനന്ദിച്ച് കേന്ദ്ര ധനകാര്യം മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

2019ല്‍ നയന്‍ എന്ന ചിത്രത്തിലൂടെയാണ് കമ്പനി നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. കെ.ജി.എഫ്. ചാപ്റ്റര്‍ 2, കാന്താര തുടങ്ങിയ അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു.

അക്ഷയ് കുമാര്‍ ചിത്രം സെല്‍ഫിയുടെ നിര്‍മാണത്തിലൂടെ ബോളിവുഡിലേക്കും കമ്പനി ചുവടുവെച്ചിരുന്നു. പൃഥ്വിരാജും സുരാജും കേന്ദ്രകഥാപാത്രങ്ങളായ ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹഷ്മി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഗോള്‍ഡാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. അല്‍ഫോണ്‍സ് പുത്രനാണ് ചിത്രം സംവിധാനം ചെയ്തത്.

Content Highlight: Prithviraj Productions has been approved by the central government for paying taxes properly