ലൂസിഫറിന്റെ സെറ്റില്‍ വെച്ച് ലാലേട്ടനില്‍ നിന്ന് ഒരു കാര്യം പഠിച്ചു, ഇനിയങ്ങോട്ട് എല്ലാ സിനിമകളിലും ഞാന്‍ അത് പാലിക്കും: പൃഥ്വിരാജ്
Entertainment
ലൂസിഫറിന്റെ സെറ്റില്‍ വെച്ച് ലാലേട്ടനില്‍ നിന്ന് ഒരു കാര്യം പഠിച്ചു, ഇനിയങ്ങോട്ട് എല്ലാ സിനിമകളിലും ഞാന്‍ അത് പാലിക്കും: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th May 2024, 7:17 pm

ഒരു നടനെന്ന നിലയില്‍ ലൂസിഫറിന്റെ സെറ്റില്‍ വെച്ച് മോഹന്‍ലാലില്‍ നിന്ന് പല കാര്യങ്ങളും നിരീക്ഷിച്ച് പഠിച്ചുവെന്ന് പൃഥ്വിരാജ് പറഞ്ഞു. പിന്നീട് താന്‍ അഭിനയിച്ച സിനിമകളില്‍ ആ കാര്യങ്ങള്‍ പാലിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു. പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാലിനെ വെച്ച് രണ്ട് സിനിമകള്‍ ചെയ്തപ്പോള്‍ ഒരു ആക്ടര്‍ ഡയറക്ടറോട് എങ്ങനെയാണോ പെരുമാറിയത് അതുപോലെയായിരിക്കണം താന്‍ ഒരു ഡയറക്ടറോട് പെരുമാറേണ്ടതെന്ന കാര്യം പഠിച്ചുവെന്ന് പൃഥ്വി പറഞ്ഞു. ഭാവിയില്‍ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാന്‍ അവസരം കിട്ടിയാല്‍ അദ്ദേഹമെങ്ങനെയാണ് സംവിധായകരോട് ഇടപഴകുന്നതെന്ന് ശ്രദ്ധിച്ച് അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

‘ലൂസിഫര്‍, ബ്രോ ഡാഡി ഈ രണ്ട് സിനിമകളും ഞാന്‍ ലാലേട്ടനെ വെച്ച് ഡയറക്ട് ചെയ്തു. എന്റെ ആദ്യത്തെ രണ്ട് സിനിമകളും ലാലേട്ടനെപ്പോലെ ഒരു ലെജന്‍ഡറി ആക്ടറെ വെച്ചാണ് ചെയ്തത്. ഈ സിനിമകള്‍ ചെയ്തപ്പോള്‍ ഞാന്‍ ലാലേട്ടനില്‍ നിന്ന് പഠിച്ച ഒരു കാര്യമുണ്ട്. ഒരു ആക്ടര്‍ ഡയറക്ടറോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ലാലേട്ടനില്‍ നിന്ന് ഞാന്‍ പഠിച്ചു. ഭാവിയില്‍ മമ്മൂക്കയെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹത്തില്‍ നിന്നും ഇഇതേ കാര്യം ഞാന്‍ പഠിക്കും. അവരൊക്കെ ലെജന്‍ഡുകളായത് അതൊക്കെ കൊണ്ടാണ്.

കാരണം ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സ് അവര്‍ക്കുണ്ട്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് ചെല്ലുമ്പോള്‍ ആ കഥാപാത്രത്തിലേക്ക് എങ്ങനെയാണ് മാറേണ്ടതെന്ന് സംവിധായകര്‍ വഴിയാണ് അവര്‍ മനസിലാക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിനിടയില്‍ ഞാന്‍ സലാര്‍ ചെയ്തു തീര്‍ത്തിരുന്നു. അപ്പോള്‍ ആനന്ദില്‍ നിന്ന് വരദരാജ മന്നാറിലേക്ക് മാറണെങ്കില്‍ അതിന് എന്നെ സഹായിക്കേണ്ടത് പ്രശാന്ത് നീലാണ്. അവര്‍ തരുന്ന ഇന്‍സ്ട്രക്ഷനിലൂടെയാണ് ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്ന് നമുക്ക് ഐഡിയ കിട്ടുന്നത്.’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj about the lesson he learned from Mohanlal in Lucifer movie