Entertainment news
സ്‌ക്രിപ്റ്റ് കിട്ടിയപ്പോള്‍ ആദ്യം ചോദിച്ചത് അഭിനയിക്കട്ടെ എന്നല്ല, ചോദിച്ചത് ജോമോന്‍ തന്നതുമില്ല; കോള്‍ഡ് കേസിനെക്കുറിച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 25, 10:17 am
Friday, 25th June 2021, 3:47 pm

ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. തനു ബാലകിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കാന്‍ കഴിയാത്തതില്‍ വലിയ നിരാശയുണ്ടെന്ന് തുറന്നു പറയുകയാണ് പൃഥ്വി.

ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോള്‍ അഭിനയിക്കാം എന്ന് പറയുന്നതിനേക്കാള്‍ മുമ്പേ താന്‍ ഇത് പ്രൊഡ്യൂസ് ചെയ്‌തോട്ടെ എന്നാണ് ജോമോനോട് ചോദിച്ചതെന്ന് പൃഥ്വിരാജ് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കോള്‍ഡ് കേസിന്റെ സ്‌ക്രിപ്റ്റ് എനിക്ക് അയച്ചു തന്നത് കഥയുടെ ഛായാഗ്രാഹകനും പ്രൊഡ്യൂസറുമായ ജോമോന്‍ ആണ്. കോള്‍ഡ് കേസിന്റെ സ്‌ക്രിപ്റ്റ് വായിച്ച ഉടന്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് ചോദിച്ചത് ഇത് ഞാന്‍ പ്രൊഡ്യൂസ് ചെയ്‌തോട്ടെ എന്നാണ്. അപ്പോള്‍ ജോമോന്‍ പറഞ്ഞു, അയ്യോ ഇത് അവന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ വേണ്ടി വെച്ചതാണ് നിനക്ക് അയച്ച സ്‌ക്രിപ്റ്റ് ആണെന്നാണ്.

കോള്‍ഡ് കേസ് പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റാത്തതില്‍ നിരാശയുണ്ട്. ഞാന്‍ ഇതില്‍ അഭിനയിക്കട്ടെ എന്ന് ചോദിക്കുന്നതിനും മുമ്പ് പ്രൊഡ്യൂസ് ചെയ്യട്ടെ എന്നാണ് ചോദിച്ചത്. പക്ഷെ കള്ളന്‍ തന്നില്ല,’ പൃഥ്വിരാജ് പറഞ്ഞു.

ചിത്രം പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും പുറത്തിറങ്ങിയിരുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. അരുവി ഫെയിം അതിഥി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.

ദുരൂഹമായ കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായ എ.സി.പി. സത്യജിത് ആയാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ മേഥ എന്ന കഥാപാത്രമായാണ് അതിഥി എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Prithviraj about new Movie Cold Case and his wish to produce the movie