Film News
ആടുജീവിതത്തിന് വേണ്ടി നഷ്ടപ്പെടുത്തിയ സിനിമകൾ; അതിൽ വിഷമമില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 22, 10:47 am
Friday, 22nd March 2024, 4:17 pm

ആടുജീവിതം സിനിമയുടെ ഷൂട്ടിങ് തുടങ്ങി റിലീസ് ആകുന്നത് വരെ താൻ ഈ പടത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ മാറ്റിവെച്ചിട്ടുണ്ടെന്ന് നടൻ പൃഥ്വിരാജ്. 16 വർഷക്കാലം ആടുജീവിതത്തിന്റെ പിറകെ നിക്കുന്നത് ബ്ലെസിയാണെന്നും താൻ ഇതിനിടയിൽ മറ്റു സിനിമകൾ ചെയ്തിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

ഷൂട്ടിങ് തുടങ്ങി റിലീസ് വരെ ഒരുപാട് അവസരങ്ങൾ ആടുജീവിതത്തിന് വേണ്ടി വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അതിൽ പരിഭവമില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ഈ സിനിമയ്ക്ക് വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ 16 വർഷത്തെ കഥ പറയാനുണ്ടെന്ന് കരുതിയില്ലെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘2008 -2009 കാലഘട്ടങ്ങളിലാണ് ബ്ലെസി ചേട്ടൻ ആടുജീവിതം സിനിമയാക്കുക എന്ന ഐഡിയയും ആയിട്ട് എന്നെ സമീപിക്കുന്നത്. അന്നുമുതൽ ഇന്ന് വരെ ഞാൻ മറ്റൊരു സിനിമയും ചെയ്യാതെ അല്ല ആടുജീവിതം ചെയ്തത്. ആ കമ്മിറ്റ്മെന്റ് ബ്ലെസി ചേട്ടനാണ് എടുത്തത്. ആ സംവിധായകനാണ് ഈ 16 വർഷക്കാലം ആ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി മാറ്റിവെക്കുകയും, അതിനു പുറകെ ലേസർ വിഷൻ എന്നപോലെ അതിന് പിറകെ നിൽക്കുകയും ചെയ്തത്.

ഞാൻ ഇതിനിടയിൽ വേറെ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ ഒരു സംവിധായകനായി, നിർമാതാവായി. ഇതൊക്കെ ചെയ്തിരുന്നു. പക്ഷേ സിനിമയുടെ ഷൂട്ടിങ് 2018ൽ തുടങ്ങി 2024ൽ റിലീസ് ആകുന്നത് വരെ സിനിമയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊരുപാട് അവസരങ്ങൾ ഈ സിനിമയ്ക്ക് വേണ്ടി വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്.

പക്ഷേ അതിനൊന്നും എനിക്ക് റിഗ്രെറ്റ് ഇല്ല. ഇത് വല്ലപ്പോഴും സംഭവിക്കുന്നതാണ്. ഇതുപോലൊരു സിനിമ, ഇങ്ങനെ സിനിമയുടെ കൂടെ യാത്ര ചെയ്യാൻ സാധിക്കുക. സത്യസന്ധമായിട്ട് പറയുകയാണെങ്കിൽ ഇതിന് വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ 16 വർഷത്തെ കഥ പറയാനുണ്ട് എന്ന് ഒടുവിൽ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അങ്ങനെ ആയി,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about dropped movies after aadujeevitham movie’s shooting