'ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല, എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'; പൃഥ്വിരാജ്
D Movies
'ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല, എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'; പൃഥ്വിരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th October 2020, 1:15 pm

കൊച്ചി: കൊവിഡ് പോസിറ്റീവായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഗബാധിതനായ വിവരം അദ്ദേഹം അറിയിച്ചത്.

ഒക്ടോബര്‍ 7 മുതല്‍ ഡിജോ ജോസ് ആന്റണിയുടെ ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. കൊവിഡ് സാഹചര്യമായതിനാല്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാനുള്‍പ്പടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടന്നത്. ഷെഡ്യൂളിന്റെ അവസാന ദിവസം കോടതിമുറി രംഗം ഷൂട്ട് ചെയ്യുമ്പോഴും പരിശോധന നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവ് ആയിരുന്നു. ഞാനുള്‍പ്പടെയുള്ള എല്ലാ അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍ ക്വാറന്റീനിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. രോഗലക്ഷണങ്ങളും ഇല്ല. എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ച് വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരോടും സ്‌നേഹം നന്ദി’- പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും.

ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.

നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടങ്ങിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് അദ്ദേഹത്തിന് നെഗറ്റീവായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Prithvi raj Covid 19