ന്യൂദല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് കാരണമായ ഒന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെയുണ്ടായ തടസം.
സംഭവം നാണക്കേടായതിന് പിന്നാലെ പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തി ബി.ജെ.പി ഹാന്‍ഡിലുകളില്‍ നിന്നും കഴിഞ്ഞ ദിവസം തന്നെ ട്വീറ്റുകളുടെ പെരുമഴയുണ്ടായിരുന്നു.
എന്നാല്‍ ബി.ജെ.പി അണികളുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിലും വന്ന ന്യായീകരണ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സംഭവത്തില്‍ മോദിക്കല്ല തെറ്റുപറ്റിയതെന്നും പരിപാടിയുടെ സംഘാടകരുടെ കുറ്റമാണെന്നുമുള്ള ചെറു കുറിപ്പാണ് ബി.ജെ.പി ഹാന്‍ഡിലുകള്‍ക്ക് ഒരക്ഷരം പോലും മാറ്റാതെ കോപ്പി പേസ്റ്റായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇത് നിരവധി പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കുന്നുണ്ട്. ഇത് മോദിയെ ന്യായീകരിക്കാന്‍ ബി.ജെ.പി തന്നെ ഔദ്യോഗികമായി ഒരുക്കിയ ടൂള്‍ക്കിറ്റാണോ എന്നാണ് ട്വിറ്ററില്‍ നിരവധിയാളുകള്‍ ചോദിക്കുന്നത്.
‘പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടക്കുണ്ടായ സാങ്കേതിക പ്രശ്‌നം ചര്‍ച്ചയാക്കുന്നവര്‍, വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയാണെന്ന് മനസ്സിലാകുന്നില്ലേ.
അവര്‍ക്ക് പ്രധാനമന്ത്രിയെ ശരിയായി കേള്‍ക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ വീണ്ടും അദ്ദേഹത്തോട് സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.
അവതാരകനായ ക്ലോസ് ഷ്വാബ് വീണ്ടും ഒരു ചെറിയ ആമുഖം നല്‍കിയതും തുടര്‍ന്ന് സെഷന്‍ തുടങ്ങുന്നതും ഇത് വ്യക്തമാക്കുന്നുണ്ട്,’ എന്നാണ് മോദിയെ ന്യായീകരിക്കാന്‍ എല്ലാ ബി.ജെ.പി ഹാന്‍ഡിലുകളും കോപ്പി പേസ്റ്റായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ ടെലിപ്രോംറ്റര്‍ (Teleprompter) സംവിധാനം തടസപ്പട്ടതോടെ മോദിയുടെ പ്രസംഗവും ഇടക്കുവെച്ച് നിന്നുപോവുകയായിരുന്നു.
ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ടെലിപ്രോംറ്റര്‍ തടസപ്പെട്ടതോടെ മോദി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതായണ് വീഡിയോയിലുള്ളത്.