ഒടുവില്‍ മണിപ്പൂരില്‍ മിണ്ടി പ്രധാനമന്ത്രി; കലാപം നിയന്ത്രിക്കാന്‍ ആവശ്യമായതെല്ലാം ചെയ്തു
national news
ഒടുവില്‍ മണിപ്പൂരില്‍ മിണ്ടി പ്രധാനമന്ത്രി; കലാപം നിയന്ത്രിക്കാന്‍ ആവശ്യമായതെല്ലാം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 2:31 pm

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മണിപ്പൂര്‍ വിഷയത്തില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചുവെന്ന് മോദി പറഞ്ഞു. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിലവില്‍ ശാന്തമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ ഉടന്‍ പിന്തള്ളുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മണിപ്പൂരില്‍ ദിവസങ്ങളോളം തങ്ങിയിരുന്നു. പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ ഇരു വിഭാഗങ്ങളോടും സംസാരിക്കാന്‍ ഷാ ഇപ്പോഴും മണിപ്പൂരിലേക്ക് പോകുന്നുണ്ട്. മണിപ്പൂരിന്റെ അവസ്ഥയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശങ്കയുണ്ടെന്നും മോദി പറഞ്ഞു.

മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കുറയുന്നു. കലാപത്തിന് കാരണമായ 500ലധികം പേര്‍ അറസ്റ്റിലായി. 11000ത്തിലധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. മണിപ്പൂരിലെ സ്‌കൂളുകളും കോളേജുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് മോദി പറഞ്ഞത്.

മണിപ്പൂരില്‍ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ രീതിയിലും സംസ്ഥാന സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. ഇന്ന്, എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് ടീമുകള്‍ മണിപ്പൂരില്‍ എത്തിയിട്ടുണ്ട്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിക്കുന്നവരെ മണിപ്പൂര്‍ തള്ളിക്കളയുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കുന്നതായും മോദി പറഞ്ഞു.

അഴിമതി നടത്തുന്നവരെ ജയിലിലേക്ക് അയക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് പത്ത് തവണ രാഷ്ട്രപതി ഭരണം നടപ്പിലാക്കിയെന്നും മോദി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളോട് വിരുദ്ധമുള്ളതിനാലാണ് മുന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെതിരെ കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ മത്സരം വേണമെന്നും മോദി പറഞ്ഞു.

Content Highlight: Prime Minister Narendra Modi spoke on the Manipur issue following criticism from the opposition