ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നു. മാന്‍ഹട്ടന്‍ നഗരത്തില്‍ മോദിക്കെതിയും കേന്ദ്ര സര്‍ക്കാരിനെതിരെയുമുള്ള പ്രതിഷേധ മുദ്രാവാക്യങ്ങൾ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച
ട്രക്കുകള്‍ പോകുന്നത് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയില്‍ നടന്ന സംഭവവികാസങ്ങൾ ഓര്‍മപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രക്കിന്റെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച മുദ്രാവാക്യങ്ങൾ.
ലൈംഗികാതിക്രമക്കേസില്‍ ബി.ജെ.പി എം.പിയും മുന്‍ റെസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരായ സമരം, പൗരത്വ ഭേദഗതി സമരത്തിന്റെ ഭാഗമായതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ അറസ്റ്റിലായ സംഭവം തുടങ്ങിയവ പ്രതിഷേധ ബോര്‍ഡില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
Trucks in NYC spreading truth about Modi 👊🏾#ModiNotWelcome #CrimeMinisterModi pic.twitter.com/KZHhztBj7t
— Arjun Sethi (@arjunsethi81) June 21, 2023
നരേന്ദ്ര മോദിയുടെ വലതുപക്ഷ സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം കണ്ണടക്കുകയാണെന്നാണ് യു.എസിലെ പ്രതിപക്ഷം അടക്കം ബൈഡന്‍ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനം.
ചൊവ്വാഴ്ച യു.എസ് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും 75ഓളം നിയമസഭാംഗങ്ങള്‍ ഒപ്പിട്ട കത്തിലൂടെ ഇരു ഭരണകൂടങ്ങളെയും പ്രതിനിധികള്‍ ഈ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോദിയുമായുള്ള ബൈഡന്റെ ചര്‍ച്ചകളില്‍ ഇന്ത്യയിലെ മനുഷ്യാവകാശ ആശങ്കകള്‍ കൂടി ഉന്നയിക്കണമെന്ന് അമേരിക്കയുടെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്ലൈബും ഡെമോക്രാറ്റിക് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമറും മോദി യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് ബഹിഷ്‌ക്കരിക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അമേരിക്കന്‍ നിയമനിര്‍മാണ സഭയിലേക്കുള്ള മോദിയുടെ സന്ദര്‍ശനം ലജ്ജാകരമാണെന്ന് റാഷിദ ത്ലൈബ് വിമര്‍ശിച്ചു.
Anti-Modi trucks rolling through the streets of Manhattan, warning @JoeBiden about the dangers of his pet autocrat. pic.twitter.com/gFzxPyiSr8
— Aatish Taseer (@AatishTaseer) June 21, 2023
മോദി സര്‍ക്കാര്‍ അക്രമാസക്തരായ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുകയാണെന്നും, മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കടന്നാക്രമിക്കുകയുമാണെന്നും ഇല്‍ഹാന്‍ ഉമര്‍ ട്വീറ്റ് ചെയ്തു.
Content Highlight: Prime Minister Narendra Modi’s visit, protests are growing in the United States