അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ തടയാന്‍ മക്കയില്‍ സംവിധാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th September 2014, 11:51 am
[]ജിദ്ദ: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ തടയാന്‍ മക്കയുടെ പ്രവേശന കവാടങ്ങളില്‍ പരിശോധന സംവിധാനം. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് അനുമതി പത്രം അഥവാ തസ്‌രീഹ് നിര്‍ബന്ധമാണെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി വ്യക്തമാക്കി.
തസ്‌രീഹ് ഇല്ലാതെയും വ്യാജരേഖകളുണ്ടാക്കിയും ഹജ്ജിനെത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം ആളുകള്‍ക്ക് യാത്രാ, താമസ സൗകര്യമൊരുക്കുന്നവര്‍ക്കെതിരെയും ശിക്ഷാ നടപടിയുണ്ടാവും.
ആവശ്യമായ രേഖകളില്ലാതെ എത്തുന്നവരെ കണ്ടെത്താനായി മക്കയുടെ പ്രവേശന കവാടത്തില്‍ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ പ്രവിശ്യയുടെയും അതിര്‍ത്തികളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കും. 25ല്‍ കുറവ് തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്ന വാഹനങ്ങള്‍ മക്കയിലേക്ക് കടത്തിവിടുകയില്ലെന്നും പാസ്‌പോര്‍ട്ട് വിഭാഗം മേധാവി അറിയിച്ചു.