തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും പിന്തുണയര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പിണറായി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫോണില്‍ വിളിച്ചിരുന്നു. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഐക്യദാര്‍ഢ്യം അറിയിച്ചു- എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
അതേസമയം നിരവധി പ്രമുഖര്‍ കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആം ആദ്മി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പഞ്ചാബിന്റെ സഹായം പ്രഖ്യാപിച്ചത്. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് 10 കോടി രൂപ ധനസഹായം നല്‍കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു.