Entertainment
കാരണക്കാരനായത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക; അദ്ദേഹത്തിന്റെ യെസ് ഇല്ലെങ്കില്‍ ആ സിനിമയില്ല: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 13, 02:07 am
Monday, 13th January 2025, 7:37 am

ആസിഫ് അലി നായകനായി ഈ വര്‍ഷം തിയേറ്ററില്‍ എത്തിയ മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ് രേഖാചിത്രം. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.

ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടെയാണ് രേഖാചിത്രം. ആസിഫിന് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സിദ്ദിഖ്, സലീമ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗദീഷ്, ഉണ്ണി ലാലു തുടങ്ങിയ മികച്ച താരനിരയായിരുന്നു സിനിമക്കായി ഒന്നിച്ചത്.

കാതോട് കാതോരം എന്ന സിനിമയിലെ ഗെറ്റപ്പില്‍ മമ്മൂട്ടിയെ എ.ഐ ഉപയോഗിച്ച് കൊണ്ടുവന്നതും രേഖാചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. തനിക്ക് ഏറെ സന്തോഷമുള്ള ഒരു പുതുവര്‍ഷമാണ് ഇതെന്നും അതിന് കാരണക്കാരനായത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടിയാണെന്നും പറയുകയാണ് നടന്‍ മനോജ് കെ. ജയന്‍.

തനിക്ക് ഫേസ്ബുക്കില്‍ പുതുവര്‍ഷം ആശംസിച്ച് ഒരുപാട് മെസേജുകള്‍ വന്നിരുന്നുവെന്നും എന്നാല്‍ ഇത്ര നല്ല ഒരു പുതുവര്‍ഷമാകുമെന്ന് താന്‍ കരുതിയില്ലെന്നും നടന്‍ പറഞ്ഞു. രേഖാചിത്രത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫേസ്ബുക്കിലൊക്കെ ഒരുപാട് മെസേജുകള്‍ വന്നു ‘ചേട്ടാ, ഹാപ്പീ ന്യൂ ഇയര്‍’ എന്നും പറഞ്ഞിട്ട്. പക്ഷെ ഇത്ര നല്ല ഒരു പുതുവര്‍ഷമാകുമെന്ന് ഞാന്‍ കരുതിയില്ല. വളരെ നല്ല വര്‍ഷമാണ് ഇത്.

അത്ര അധികം മികച്ച രീതിയില്‍ നമ്മള്‍ അഭിനയിച്ച ഒരു സിനിമ ഇവിടെ ഓടുകയാണ്. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്. സത്യത്തില്‍ സന്തോഷമുള്ള പുതുവര്‍ഷമാണ് ഇത്.

അതിന് കാരണക്കാരനായത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയാണ്. മമ്മൂക്കയുടെ ഒരു യെസ് ഇല്ലെങ്കില്‍ ഈ സിനിമയില്ല. അതുകൊണ്ട് മമ്മൂക്കയോട് തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ കടപ്പാട്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan Talks About Mammootty And Rekhachithram Movie