national news
കനൗജ് കെട്ടിട അപകടം; 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ എല്ലാ തൊഴിലാളികളെയും രക്ഷപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 12, 04:48 pm
Sunday, 12th January 2025, 10:18 pm

കനൗജ്: കനൗജ് റെയിൽവേ സ്‌റ്റേഷനിൽ തകർന്നു വീണ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 28 തൊഴിലാളികളെയും രക്ഷപ്പെടുത്തി. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തത്.

അശ്രദ്ധ, ജീവൻ അപായപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് കരാറുകാരനും എഞ്ചിനീയർക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളിലെയും റെയിൽവേയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ ശൈത്യകാല രാത്രിയിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാനും പ്രവർത്തിച്ചു.

മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 26 തൊഴിലാളികളെ കനൗജിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കാൺപൂരിലെ ലാലാ ലജ്പത് റായ് (എൽ.എൽ.ആർ) ആശുപത്രിയിലേക്ക് മാറ്റി. എൽ.എൽ.ആർ ആശുപത്രിയിലെ തൊഴിലാളികൾ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ ഒരാൾക്ക് തലയ്ക്കും മറ്റൊരാൾക്ക് കാലിനുമാണ് പരിക്കേറ്റത്.

കനൗജ് റെയിൽവേ സ്റ്റേഷനിൽ വെയ്റ്റിംഗ് റൂം നിർമാണത്തിനിടെ ഷട്ടർ തകർന്ന് വീഴുകയായിരുന്നു. തുടർന്ന് കരാറുകാരനും എൻജിനീയർക്കും എതിരെ റെയിൽവേ ഗതി ശക്തി ഡയറക്ടറേറ്റിലെ എക്സിക്യൂട്ടീവ് എൻജിനീയർ വിപുൽ മാത്തൂർ ഫറൂഖാബാദ് ഗവൺമെൻ്റ് റെയിൽവേ പൊലീസ് (ജി.ആർ.പി) സ്റ്റേഷനിൽ പരാതി നൽകി.

1989ലെ റെയിൽവേ ആക്‌ട് സെക്ഷൻ 146, 153, സെക്ഷൻ 125 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്നത് ), 289 (യന്ത്രങ്ങളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം), 290 എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്.

കോൺക്രീറ്റ് സ്ലാബ് ഇടുന്നതിനിടെ ഷട്ടറിങ് പെട്ടെന്ന് തകർന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് പരാതിയിൽ പറയുന്നു. നിർമാണ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ അനാസ്ഥയും തൊഴിലാളികൾക്കുള്ള സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനവും റിപ്പോർട്ടിൽ ആരോപിക്കുന്നു. സംഭവത്തെ ഗൗരവമായി കണ്ട് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

 

Content Highlight: Kannauj building collapse: All workers rescued after 16-hour operation