അമേരിക്കയുടെ ആത്മാവ് അപകടത്തിൽ; തെരെഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കാനുള്ള കാരണം വ്യക്തമാക്കി ബൈഡൻ
Worldnews
അമേരിക്കയുടെ ആത്മാവ് അപകടത്തിൽ; തെരെഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കാനുള്ള കാരണം വ്യക്തമാക്കി ബൈഡൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2024, 8:19 am

വാഷിങ്ടൺ: യു.എസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറിയതിൻ്റെ കാരണം വ്യക്തമാക്കി പ്രസിഡൻ്റ് ജോ ബൈഡൻ. ബുധനാഴ്ച വൈറ്റ് ഹൗസിൻ്റെ ഓഫീസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ബൈഡൻ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചും വിശദീകരിച്ചു.

അമേരിക്ക ഒരു നിർണായക ഘട്ടത്തിലാണെന്നും ഇപ്പോൾ എടുക്കുന്ന തീരുമാനം അത്രയധികം പ്രാധാന്യമർഹിക്കുന്നതാണെന്നും ബൈഡൻ വ്യക്തമാക്കി.

അമേരിക്ക അപകടത്തിലാണെന്ന് മനസിലാക്കിയതിനാലാണ് താൻ മുമ്പ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി ഇപ്പോഴും സ്വീകരിക്കുന്നത് രാജ്യത്തിൻ്റെ ഭാവി അപകടത്തിലാക്കുന്ന നടപടികളാണെന്നും ബൈഡൻ വ്യക്തമാക്കി.

സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ബൈഡൻ പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നത്. പകരം സ്ഥാനാർത്ഥിയായി കമല ഹാരിസിനെ പിന്തുണക്കുകയായിരുന്നു.

കമല ഹാരിസ് രാജ്യത്തിൻ്റെ നേതാവാണെന്നും ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെ മുന്നോട്ട് നയിക്കനാവശ്യമായ കഴിവുള്ളയാളാണെന്നും ബൈഡൻ പറഞ്ഞു.

ബൈഡൻ്റ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുളളിലെ നേതാക്കാൾ തന്നെ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും അദ്ദേഹത്തിൻ്റെ പിന്മാറ്റം.

Content Highlight: President Biden speaks for 1st time after ending presidential bid