Film News
ഇനി പ്രേമലു യുഗം; ഹൈദരാബാദിലേക്ക് സ്വാഗതം വിഡിയോ സോങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 19, 12:13 pm
Monday, 19th February 2024, 5:43 pm

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സിനിമയാണ് പ്രേമലു. ചിത്രത്തിലെ ‘വെൽക്കം റ്റു ഹൈദരാബാദ്’ വീഡിയോ സോങ് ഭാവന സ്റ്റുഡിയോസിന്റെ ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. വിഷ്‌ണു വിജയ് കംപോസ് ചെയ്ത പാട്ടിന്റെ വരികൾ സുഹൈൽ കോയയും ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലൻ, കപിൽ കപിലാൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ്.

മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിൻ എന്ന കഥാപാത്രമായി നസ്‌ലെനും റീനു എന്ന കഥാപാത്രമായി മമിതയുമാണ് അവതരിപ്പിക്കുന്നത്. അമൽ ഡേവിസ് എന്ന കഥാപാത്രത്തെ സംഗീത് പ്രതാപും കാർത്തികയായി അഖില ഭാർഗവനുമാണ് അഭിനയിക്കുന്നത്.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവർ നിർമിച്ച ചിത്രമാണ് പ്രേമലു. കുമ്പളങ്ങി നൈറ്റ്‌സ്, പാല്‍തു ജാന്‍വര്‍, ജോജി, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമ കൂടിയാണ് പ്രേമലു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍ നായകനായെത്തുന്ന സിനിമയില്‍ മമിത ബൈജുവാണ് നായിക. സച്ചിന്‍ എന്ന ടീനേജുകാരന് സുഹൃത്ത് റീനുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. ഗിരീഷ് എ.ഡി. യും നസ്‌ലനും തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഓ കുഡിയെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: premalu movie’s welcome to hydrabad song out