'ഒടുവില്‍ അര്‍ണബ് പ്രഖ്യാപിക്കും രാജ്യത്തെ നമ്മള്‍ രക്ഷിച്ചെന്ന്' തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏഴ് 'മാര്‍ഗങ്ങളുമായി' മോദി സര്‍ക്കാറിനെ ട്രോളി മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹ
India
'ഒടുവില്‍ അര്‍ണബ് പ്രഖ്യാപിക്കും രാജ്യത്തെ നമ്മള്‍ രക്ഷിച്ചെന്ന്' തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏഴ് 'മാര്‍ഗങ്ങളുമായി' മോദി സര്‍ക്കാറിനെ ട്രോളി മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2019, 3:06 pm

 

ന്യൂദല്‍ഹി: രാജ്യം നേരിടുന്നത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചതിനു പിന്നാലെ മോദി സര്‍ക്കാറിനെ ട്രോളി മാധ്യമപ്രവര്‍ത്തകന്‍. സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സോഷ്യല്‍ മീഡിയസെല്ലിനേയും മാധ്യമങ്ങളേയും അത് ഇല്ലാതാക്കുന്ന സംഘപരിവാര്‍ സമീപനത്തേയാണ് ആര്‍ട്ട്.ന്യൂസ് സ്ഥാപകനായ പ്രതീക് സിന്‍ഹ പരിഹസിക്കുന്നത്.

തൊഴിലില്ലായ്്മ ‘ഇല്ലാതാക്കാന്‍’ ഏഴ് കാര്യങ്ങളാണ് പ്രതീക് സിന്‍ഹ മുന്നോട്ടുവെക്കുന്നത്. അവ ഇതാണ്:

1. എല്ലാ മേഖലയില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്ക് കൂടുതല്‍ ശമ്പളക്കാരെ നിര്‍ത്തി അവരെക്കൊണ്ട് ‘എവിടെയാണ് തൊഴിലില്ലായ്മ’ എന്ന് ചോദിപ്പിക്കുക.

2. മാധ്യമ സ്ഥാപനങ്ങള്‍ ഈ ട്രെന്റ് ഫോളോ ചെയ്ത ലേഖനങ്ങള്‍ എഴുതണം: ‘രാജ്യം തൊഴിലില്ലായ്മ നേരിടുന്നുണ്ടോയെന്ന കാര്യത്തില്‍ സാമൂഹ്യമധ്യമങ്ങള്‍ രണ്ടുതട്ടില്‍’

3. ചില ബി.ജെ.പി പ്രോപ്പഗണ്ട സ്ഥാപനങ്ങള്‍ കുറേക്കൂടി മുമ്പോട്ടുപോകും: ‘ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ഡാറ്റ വ്യാജമെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ’

4. സെലിബ്രിറ്റി ജേണലിസ്റ്റുകള്‍ പ്രോപ്പഗണ്ട ആര്‍ട്ടിക്കിളുകള്‍ ട്വീറ്റു ചെയ്യും: ‘ഡാറ്റ എല്ലായ്‌പ്പോഴും സത്യം പറയില്ല, സത്യത്തിന്റെ മറുഭാഗം ഇതാ’

5. റിപ്പബ്ലിക് ടി.വി ഒരു ട്വിറ്റര്‍ പോള്‍ നടത്തും: ‘നിങ്ങള്‍ തൊഴിലില്ലാത്തയാളാണോ, ദ നാഷന്‍ വാണ്ട്‌സ് ടു നോ? ആണോ?’

6. സോഷ്യല്‍ മീഡിയയിലെ കൂലി തൊഴിലാളികള്‍ റിപ്പബ്ലിക് ടി.വിയുടെ പോളില്‍ പങ്കെടുക്കും. അതുവഴി തൊഴിലില്ലായ്മ രാജ്യത്ത് ഇല്ലെന്ന് തെളിയിക്കും.

7. അര്‍ണബ് ഗോസ്വാമി: ‘ലിബറലുകളുടെ മതേതര രാജ്യദ്രോഹികളുടെ പ്രൊപ്പഗണ്ടയില്‍ നിന്നും റിപ്പബ്ലിക് ടി.വി ഒരിക്കല്‍കൂടി രാജ്യത്തെ രക്ഷിച്ചിരിക്കുന്നു’

അങ്ങനെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കപ്പെട്ടു.’ എന്നു പറഞ്ഞാണ് പ്രതീക് സിന്‍ഹയുടെ പരിഹാസം.

നിലവിലെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ കണക്കുകള്‍ കേന്ദ്രം സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

രാജ്യം 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലാണെന്ന എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ടായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തായത്. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ്സ് സ്റ്റാന്‍ഡേഡ് പത്രമാണ് പുറത്തുവിട്ടത്.