കെ.ജി.എഫിലെ അമ്മ മകനോട് പറയുന്നത് നിരുത്തരവാദപരമായ സ്റ്റേറ്റ്‌മെന്റ്, ഒരു അമ്മയും അത് പറയില്ല: പ്രശാന്ത് നീല്‍
Film News
കെ.ജി.എഫിലെ അമ്മ മകനോട് പറയുന്നത് നിരുത്തരവാദപരമായ സ്റ്റേറ്റ്‌മെന്റ്, ഒരു അമ്മയും അത് പറയില്ല: പ്രശാന്ത് നീല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th March 2023, 12:45 pm

കെ.ജി.എഫിലെ റോക്കിയുടെ അമ്മ സ്വന്തം മകനോട് പറഞ്ഞത് പോലെ ഒരു അമ്മയും പറയില്ലെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. ജീവിതത്തില്‍ പണമില്ലാതെ പോയതിലൂടെ ഉണ്ടായ കഷ്ടപ്പാടിന്റെ അസംതൃപ്തി അവര്‍ അവസാന നിമിഷം മകന് കൊടുക്കുകയായിരുന്നു എന്നും അവരുടേത് വളരെ നിരുത്തരവാദപരമായ വാക്കുകളായിരുന്നു എന്നും പ്രശാന്ത് നീല്‍ പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ.ജി.എഫിലെ അമ്മയുടെ കഥാപാത്രത്തെ പറ്റി പ്രശാന്ത് പറഞ്ഞത്.

‘നിങ്ങളുടെ കഥ വിജയമാവുമ്പോഴാണ് ആളുകള്‍ അത് കേള്‍ക്കാന്‍ തയാറാവുന്നത്. പരാജയമാണെങ്കില്‍ ആരും ആ കഥ കേള്‍ക്കാന്‍ പോവുന്നില്ല. അതുപോലെ റോക്കിയുടെ അമ്മയുടെ ജീവിതത്തില്‍ അവര്‍ക്കുണ്ടായ സ്വാധീനങ്ങളും അസംതൃപ്തിയും അവസാന നിമിഷം മകനിലേക്ക് കൊടുക്കുകയാണ്. ഒരു അമ്മയും സ്വന്തം മകനോട് അങ്ങനെ പറയില്ല.

അവര്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്. പണമില്ലാത്തത് കൊണ്ടാണ് അവര്‍ മരിച്ചുപോകുന്നത്. അതുകൊണ്ട് ജിവിതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ അവര്‍ പണത്തെ പറ്റിയാണ് ആലോചിക്കുന്നത്. നീ എങ്ങനെ ജീവിച്ചാലും എനിക്ക് പ്രശ്‌നമില്ല, പക്ഷേ നീ മരിക്കുമ്പോള്‍ എല്ലാ പണവും നിന്റെ കയ്യിലിരിക്കണമെന്നാണ്. അത് വളരെ വളരെ നിരുത്തരവാദപരമായ സ്റ്റേറ്റ്‌മെന്റാണ്.

എന്നാല്‍ ഞാന്‍ ആ കഥാപാത്രത്തെ പറ്റിയാണ് പറഞ്ഞത്. അവരെ പുകഴ്ത്തുകയല്ല. അവരുടെ വാക്കുകളുടെ ഫലമായാണ് റോക്കി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നത്. അവന്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അമ്മയും അവിടെ ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ട്. റോക്കി ഒന്നുമില്ലാത്തവനാവുമായിരുന്നെങ്കില്‍ അമ്മ പറഞ്ഞതൊക്കെ ഒരു കാര്യവുമില്ലാതെ പോവുമായിരുന്നു. കെ.ജി.എഫ് ഒരു മകന്‍ അമ്മക്ക് കൊടുത്ത പ്രോമിസാണ്. അതില്‍ നിന്നും ഞങ്ങള്‍ ഒരിക്കലും വ്യതിചലിച്ചില്ല,’ പ്രശാന്ത് നീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തെലുങ്ക് സംവിധായകന്‍ വെങ്കിടേഷ് മഹ കെ.ജി.എഫിനെ വിമര്‍ശിച്ച് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. നായകന്റെ അമ്മ സ്വര്‍ണമെല്ലാം നേടാനും സമ്പന്നയാകാനും ആഗ്രഹിക്കുന്നു. അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കെ.ജി.എഫിലെ സാധാരണക്കാരായ ആളുകളുടെ സഹായം തേടി നായകന്‍ സമ്പത്തുണ്ടാക്കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊന്നും നല്‍കുന്നില്ല. ഇത് അസംബന്ധമായി തോന്നുന്നുവെന്നാണ് വെങ്കിടേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ കെ.ജി.എഫ് ആരാധകര്‍ തിരിഞ്ഞിരുന്നു.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ വെങ്കിടേഷ് ക്ഷമ പറഞ്ഞിരുന്നു. തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും എന്നാല്‍ ചിത്രത്തെ കുറിച്ച് പറയാന്‍ ഉപയോഗിച്ച ഭാഷക്ക് ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകന്‍ ട്വീറ്ററില്‍ വിഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

Content Highlight: prashanth neel talks about rocki’s mother in kgf