ന്യൂദല്‍ഹി: മയില്‍ ബ്രഹ്മചാരിയാണെന്നും ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണൂനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും തുടങ്ങിയുള്ള വിചിത്രമായ കണ്ടെത്തല്‍ നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്.
വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ജഡ്ജിയുടെ പരാമര്‍ശമടങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.
ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക ജീവിയാണ് പശു എന്നും പശുവിനെ ദേശീയ മൃഗമാക്കണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിധി പ്രസ്താവന.
When uneducated fools become judges who are unaccountable, such idiocies are the result https://t.co/xSxDR9CX8l
— Prashant Bhushan (@pbhushan1) May 31, 2017
ഗോവധത്തിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്നും ജീവപര്യന്തമാക്കണമെന്ന വിധിക്ക് പിന്നാലെ തികച്ചും വിചിത്രമായ കാര്യങ്ങളായിരുന്നു ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പശുവിനെ ദേശീയ മൃഗമാക്കുകയും ചീഫ് സെക്രട്ടറിക്കും അഡ്വക്കറ്റ് ജനറലിനും അവയുടെ നിയമപരമായ സംരക്ഷണം നല്‍കണം എന്നിങ്ങനെയായിരുന്നു 140 ഓളം പേജ് വരുന്ന വിധി ന്യായത്തില്‍ പറഞ്ഞത്.
മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം. താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഹൈന്ദവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം പശുവാണ്. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് നിര്‍ദേശം നല്‍കിയത്. നേപ്പാള്‍ പോലും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി അടുത്തയിടെ ഗംഗാ, യമുനാ നദികള്‍ക്ക് വ്യക്തി പദവി നല്‍കിയിരുന്നു. സമാനമായ പദവി പശുവിനും നല്‍കണം -ജസ്റ്റിസ് ശര്‍മ വിശദമാക്കി.
നാല് വേദങ്ങളും മഹാഭാരതവും രാമായണവും ഉള്‍പ്പെടെയുള്ള പുണ്യഗ്രന്ഥങ്ങള്‍ പശുവിന്റെ മഹത്വം വ്യക്തമാക്കുന്നതിനായി വിധിന്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് വെളിപ്പെടുത്തി. രാജസ്ഥാനില്‍ പുറപ്പെടുവിച്ചിരിക്കുന്ന വിധി മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ശര്‍മ പറഞ്ഞു.
ബുധനാഴ്ച വിരമിക്കുന്ന ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയുടെ അവസാനത്തെ വിധിന്യായമായിരുന്നു ഇത്. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്തത് സംബന്ധിച്ച കേസിലെ വിധിന്യായത്തില്‍ ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ എടുത്തുപറഞ്ഞിരുന്നു.