ന്യൂദല്‍ഹി:ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച നല്‍കാന്‍ തീരുമാനിച്ച ദല്‍ഹി ജനതയെ അഭിനന്ദിച്ച് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ സഹായിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ ഒറ്റകെട്ടായി നിന്ന ദല്‍ഹിയ്ക്ക് നന്ദിയെന്നാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചത്.
നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് കിഷോര്‍ പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ പട്ടികയിലും നേരിട്ട എതിര്‍പ്പുമൂലം പാര്‍ട്ടിയുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു ശേഷമാണ് പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ സഹായിക്കാനെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ദല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക നേരിട്ട കെജ്‌രിവാള്‍ പ്രശാന്ത് കിഷോറുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ തന്നെ വന്‍ മുന്നേറ്റമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണ പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോറിന്റെ സംഘടനയായ ഐ-പാക്കായിരിക്കുമെന്ന് ഡിസംബര്‍ 14 നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. ഐ-പാക് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Thank you Delhi for standing up to protect the soul of India!
— Prashant Kishor (@PrashantKishor) February 11, 2020
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2014 ല്‍ മോദി, 2015 ല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, 2017 ല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, 2019 ല്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ചുമതല പ്രശാന്ത് കിഷോറിനായിരുന്നു.
നിലവില്‍ 58 സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മുന്നില്‍. 12സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിനാവട്ടെ ഒരു സീറ്റില്‍ പോലും മുന്നിലെത്താനായിട്ടില്ല.
കഴിഞ്ഞ തവണ നേടിയ 67 സീറ്റിനടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും 60 സീറ്റുകളെങ്കിലും നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബി.ജെ.പി ഒറ്റയക്കത്തിലേക്ക് ഒതുങ്ങുമെന്നും അവര്‍ കരുതുന്നു.