ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരത്തിലെ മൂന്നാമത്തെയും അവസാന മത്സരം ബുധനാഴ്ച ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 32 റണ്‍സിനാണ് ലങ്കയോട് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറി നേടി രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോള്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിച്ച രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. അണ്ടര്‍19 കളിച്ച സമയത്ത് രോഹിത് തനിക്ക് ഒരു വലിയ അഡ്‌വൈസ് നല്‍കിയതിനേക്കുറിച്ചാണ് മുന്‍ താരം പറഞ്ഞത്. രാജ്യത്തിന് വേണ്ടി കുറേ കാലം കളിക്കണമെങ്കില്‍ നിങ്ങള്‍ ഒരു മാച്ച് വിന്നര്‍ ആകണമെന്നാണ് രോഹിത് ഓജയോട് പറഞ്ഞത്. സോണി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഗ്യാന്‍.
‘ഞങ്ങള്‍ അണ്ടര്‍19 ക്രിക്കറ്റ് കളിക്കുമ്പോള്‍ രോഹിത് ശര്‍മയില്‍ നിന്ന് എനിക്ക് മികച്ച ഒരു ഉപദേശം ലഭിച്ചിരുന്നു. ഞങ്ങള്‍ അണ്ടര്‍19 ലെവലില്‍ എത്തിയതിനാല്‍ എല്ലാവരും രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ഇന്ത്യയ്ക്കായി ദീര്‍ഘകാലം കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു മാച്ച് വിന്നര്‍ ആകേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു,’ സോണി സ്പോര്‍ട്സില്‍ പ്രഗ്യാന്‍ ഓജ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി പ്രഗ്യാന്‍ 24 ടെസ്റ്റ് മത്സരങ്ങളിലെ 48 ഇന്നിങ്‌സില്‍ നിന്നും 298 മെയ്ഡന്‍ അടക്കം 113 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഏകദിനത്തില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 21 വിക്കറ്റുകള്‍ നേടിയപ്പോള്‍ ടി-20യില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 132 റണ്‍സ് വഴങ്ങി 10 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
Content Highlight: Pragyan Ojha Talking About Rohit Sharma