തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക് രംഗത്ത്.
ആരുടേയെങ്കിലും ഉപദേശം കൊണ്ടു കേരളീയരുടെ വികസന കാഴ്ചപ്പാട് അട്ടിമറിക്കാന്‍ കഴിയില്ലെന്ന് പ്രഭാത് പട്‌നായിക് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പിന്നാലെ പോകരുത്. ഇത്തരം നയങ്ങള്‍ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദിയുടെ വികസനനയം തന്നെ പിന്തുടര്‍ന്നാല്‍ ബദല്‍ മാര്‍ഗമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനാകില്ല. മുതലാളിത്ത വികസനത്തിനായുള്ള മധ്യവര്‍ഗ സമ്മര്‍ദ്ദത്തെ ഇടതുസര്‍ക്കാര്‍ അതിജീവിക്കണം. വന്‍കിട നിക്ഷേപങ്ങള്‍ക്കല്ല സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തിയുള്ള സാമ്പത്തിക നയമാണ് പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടതെന്നും പട്‌നായിക് പറഞ്ഞു. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് പാര്‍ട്ടി നിലപാടുകള്‍ക്ക് ചേരാത്തതാണെന്നാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ പൊതുവിലയിരുത്തല്‍.
നവഉദാരവല്‍ക്കരണത്തെയും കമ്പോള മുതലാളിത്തത്തെയും സ്വകാര്യവല്‍ക്കരണത്തെയും ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഗീത ഗോപിനാഥിന്റേത്.
സാമ്പത്തിക വിദഗ്ധനായ ധനകാര്യമന്ത്രിയുള്ള സംസ്ഥാനത്തു മുഖ്യമന്ത്രിക്കു പുറത്തുനിന്നൊരു ഉപദേഷ്ടാവ് എന്തിനാണെന്ന ചോദ്യവും കേന്ദ്രനേതൃത്വം ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിഷയത്തില്‍ വിശദീകരണം തേടിയിട്ടുമുണ്ട്.
അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയത്. ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്.
ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ നിലപാട് വ്യക്തമായതിനാല്‍ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.