തിരുവനന്തപുരം: പത്തു വര്‍ഷത്തിനു ശേഷം പി.പി മുകുന്ദന്‍ ബി.ജെ.പിയില്‍ തിരിച്ചെത്തി. തിരുവനന്തപുരത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ മുകുന്ദന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഭാരവാഹിത്വത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നും കിട്ടിയിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തി മാറിയതായി പ്രതീക്ഷിക്കുന്നതായും മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ നേരത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തേണ്ടതായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, മാരാര്‍ജി ഭവനില്‍ എത്തിയ മുകുന്ദനെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കളാരും എത്തിയില്ല. വീട്ടിലെത്തുമ്പോള്‍ പ്രത്യേക സ്വീകരണം ആവശ്യമില്ലല്ലോ എന്നായിരുന്നു ഇതിനു മറുപടിയായി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അവസരവാദ രാഷ്ട്രീയത്തേക്കാള്‍ ആദര്‍ശരാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതിരുന്നതെന്നും മുകുന്ദന്‍ വ്യക്തമാക്കി.
മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്നാണ് മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. എന്‍.എസ്.എസ് ഉള്‍പ്പെടെയുളള സമുദായ സംഘടനകളുമായി മുകുന്ദനുളള അടുത്ത ബന്ധം പ്രയോജനപ്പെടുത്താന് ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പിനു മുന്‍പേ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. പ്രാഥമിക അംഗത്വത്തിലേക്കാണ് മുകുന്ദന്‍ മടങ്ങിയെത്തുന്നതെങ്കിലും ഏറെ വൈകാതെ സംഘടനാ തലത്തിലോ ഭരണ തലത്തിലോ ഉന്നത സ്ഥാനം നല്‍കുമെന്ന് സൂചനയുണ്ട്.