മുരളീധരന്‍ കേന്ദ്രമന്ത്രിയായിട്ട് ബി.ജെ.പിക്കാര്‍ക്ക് പോലും ഗുണമില്ല, പിന്നെയല്ലേ കേരളത്തിന്: പി.പി. മുകുന്ദന്‍
Kerala Politics
മുരളീധരന്‍ കേന്ദ്രമന്ത്രിയായിട്ട് ബി.ജെ.പിക്കാര്‍ക്ക് പോലും ഗുണമില്ല, പിന്നെയല്ലേ കേരളത്തിന്: പി.പി. മുകുന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd November 2021, 3:26 pm

കോഴിക്കോട്: കേരളത്തില്‍ പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടുന്നെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.പി. മുകുന്ദന്‍. മാതൃഭൂമി ഡോട്കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് തോല്‍വിയോടെ തന്നെ അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന്‍ സ്വയം മാറിനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ തമ്മിലടിയില്‍ പ്രവര്‍ത്തകര്‍ക്ക് മനംമടുത്ത് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരനെതിരേയും മുകുന്ദന്‍ ആഞ്ഞടിച്ചു.

‘മുരളീധരന്‍ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയാന്‍ കഴിയുക കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല,’ മുകുന്ദന്‍ പറഞ്ഞു.

നേരത്തെ ബി.ജെ.പി യുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പ്രവര്‍ത്തകരുടെ വികാരം അറിയാത്തവരാണ് ഇപ്പോഴത്തെ നേതാക്കളെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു. ആവേശം കൊണ്ടു മാത്രം പാര്‍ട്ടി വളര്‍ത്താന്‍ കഴിയില്ലെന്നും മുകുന്ദന്‍ തുറന്നടിച്ചു.

കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇടപെടല്‍ എത്ര വൈകുന്നുവോ അത്രയും ആഘാതം വര്‍ധിക്കുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി.

കേരളത്തില്‍ ബി.ജെ.പി 15 വര്‍ഷം പിറകോട്ട് പോയിട്ടുണ്ട്. അച്ചടക്കമുള്ള ധാരാളം അണികളുണ്ടായിട്ടും പാര്‍ട്ടിക്ക് അത് വോട്ടാക്കി മാറ്റാനാകുന്നില്ല. ഇത് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ അര്‍ഥത്തിലും വഞ്ചന കാണിക്കുന്ന ഇപ്പോഴത്തെ നേതൃത്വത്തോട് ബലിദാനികള്‍ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഉന്നമനത്തിന് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്നും ബി.ജെ.പി അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിനയച്ച കത്തില്‍ മുകുന്ദന്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PP Mukundan against V Muraleedharan BJP