ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് എട്ട് വിക്കറ്റുകള്‍ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ടിരുന്നു. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നായകന്‍ കെ.എല്‍. രാഹുല്‍ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 19 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എം.എസ്. ധോണിയുടെ വെടിക്കെട്ട് ഇന്നിങ്സാണ് ഏറെ ശ്രദ്ധ നേടിയത്. ഒമ്പത് പന്തില്‍ പുറത്താവാതെ 28 റണ്‍സായിരുന്നു ധോണി നേടിയത്. 311.11 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ആണ് ധോണി അടിച്ചെടുത്തത്.
ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ബാറ്റിങ് പൊസിഷനെ സംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഐസ്ലാന്‍ഡ് ക്രിക്കറ്റ്. ധോണി എട്ടാം നമ്പറില്‍ ഇറങ്ങുന്നതിന് പകരം കുറച്ച് നേരത്തേ ഇറങ്ങണമെന്നാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് എക്സില്‍ കുറിച്ചത്.
‘എം.എസ് ധോണി ഐസ്ലാന്‍ഡിന് വേണ്ടിയാണ് കളിക്കുന്നതെങ്കില്‍ ഞങ്ങള്‍ എട്ടാം നമ്പറിന് മുമ്പായി ധോണിയെ ഇറക്കും. അദ്ദേഹം നല്ല പ്രതീക്ഷയുള്ള ഒരു താരമാണ് അദ്ദേഹം. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ധോണിക്ക് ലഭിക്കുന്നില്ല,’ ഐസ്ലാന്‍ഡ് ക്രിക്കറ്റ് എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
We’d bat this guy MS Dhoni a bit higher than 8 if he played for Iceland. He looks like a good young prospect and is not getting the chance to show his talent at CSK.
ഈ സീസണില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 87 റണ്‍സാണ് ധോണി നേടിയത്. ഏഴ് ഫോറുകളും എട്ട് സിക്‌സുകളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. 255.88 സ്‌ട്രൈക്ക് റേറ്റില്‍ ആണ് ഇന്ത്യന്‍ ഇതിഹാസ നായകന്‍ ബാറ്റ് വീശിയത്.
നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്ന് തോല്‍വിയും അടക്കം ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 23ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തന്നെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.
Content Highlight: Post on Iceland Cricket about MS Dhoni’s performances