ചിലര്‍ എന്റെ മരണം ആഗ്രഹിച്ചിരുന്നു, പക്ഷേ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; സൗഹൃദ സംഭാഷണത്തിനിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ
World News
ചിലര്‍ എന്റെ മരണം ആഗ്രഹിച്ചിരുന്നു, പക്ഷേ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; സൗഹൃദ സംഭാഷണത്തിനിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd September 2021, 8:56 am

ബ്രാട്ടിസ്വാല: ചിലര്‍ തന്റെ മരണം ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായി റിപ്പോര്‍ട്ട്. ബ്രാട്ടിസ്വാലയിലെ ജെസ്യൂട്ട് പുരോഹിതരുമായുള്ള കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത്തരമൊരു പരാമര്‍ശം തമാശയായി പറഞ്ഞത്.

പുരോഹിതരുടെ പ്രസിദ്ധീകരണമായ സിവില്‍ട്ട കത്തോലിക്കയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ മാര്‍പ്പാപ്പ വന്‍കുടലില്‍ ശസ്ത്രക്രിയക്ക്് വിധേയനായിരുന്നു.

ഇതിനെ കുറിച്ച് വൈദികരില്‍ ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി. ‘ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ചിലര്‍ ഞാന്‍ മരിക്കണമെന്നാഗ്രഹിച്ചിട്ടും. എന്റെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും കൂടുതല്‍ ഗുരുതരമാണെന്ന് ധരിച്ച് യോഗം നടന്നിരുന്നതായി എനിക്കറിയാം.

അവര്‍ കോണ്‍ക്ലേവിന് തയ്യാറെടുത്തു. എല്ലാം നല്ലതിന്. എനിക്കിപ്പോള്‍ സുഖമാണ്. ദൈവത്തിന് സ്തുതി. പരിചരിച്ച നഴ്സ് എന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ചിലപ്പോള്‍ ഡോക്ടര്‍മാരേക്കാള്‍ കാര്യങ്ങള്‍ നന്നായി അറിയുന്നത് നഴ്സുമാര്‍ക്കായിരിക്കും. അവരാണല്ലോ രോഗിയോട് അടുത്ത് പെരുമാറുന്നത്,’ എന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മറുപടി.

ചില കത്തോലിക്ക ചാനലുകള്‍ തന്നെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നതിനെ കുറിച്ചും ചര്‍ച്ചയ്ക്കിടെ മാര്‍പ്പാപ്പ വെളിപ്പെടുത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ ജൂലൈ നാലിനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. 11 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം സുഖം പ്രാപിച്ചതോടെ ആശുപത്രി വിട്ടു.

യാഥാസ്ഥിതിക കത്തോലിക്ക പുരോഹിതര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടുകള്‍ കല്ലുകടിയായിരുന്നു. സഭയിലെ പുരോഹിതരുടെ ലൈംഗിക അതിക്രമണങ്ങള്‍ക്കെതിരെയും സ്വവര്‍ഗ അനുരാഗത്തിന് അനുകൂലമായും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എടുത്ത നിലപാടുകളായിരുന്നു യാഥാസ്ഥിതികര്‍ക്ക് കല്ലുകടിയായത്.