കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങള്‍ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്നാണ് വിവരം.
ചോദ്യം ചെയ്യല്ലില്‍ കമറുദ്ദീന്‍ എം.എല്‍.എ നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ സ്ഥാപനത്തിന്റെ എംഡിയായ ടി.കെ.പൂക്കോയ തങ്ങള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കമറുദ്ദീന്‍ പറയുന്നത്.
രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ജ്വല്ലറി കാര്യങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ താനാണെങ്കിലും അതെല്ലാം രേഖയില്‍ മാത്രമായിരുന്നു. എല്ലാ ഇടപാടുകളും നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ല നിലയിലാണ് നടക്കുന്നതെന്ന് പൂക്കോയ തങ്ങള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും കമറുദ്ദീന്റെ മൊഴിയിലുണ്ട്.
അതേസമയം, എം.സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കി. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റിനാണ് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
ഐപിസി 420, 406, 409 വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം (വകമാറ്റി ചിലവാക്കുക) ചെയ്തതിനും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ക്രിമിനല്‍ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406, 409 വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ചയാണ് എം.സി കമറുദ്ദീന്‍ അറസ്റ്റിലായത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ കമറുദ്ദീനെതിരെ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ തട്ടിപ്പില്‍ എം.സി കമറുദ്ദീന് ഉത്തരവാദിത്തം ഉണ്ടെന്നും എസ്.പി പി. വിവേക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക