Entertainment news
ടീസറിലെ ആ ഗാംഭീര്യ ശബ്ദം ഉണ്ടായത് ഇങ്ങനെ; പൊന്നിയിന്‍ സെല്‍വന്‍ ടീസറിന്റെ ഡബ്ബിങ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 13, 01:32 pm
Wednesday, 13th July 2022, 7:02 pm

മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ടീസറിലെ രംഗങ്ങള്‍ക്ക് വേണ്ടി വിക്രം ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.


19സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിക്രം 5 ഭാഷകളിലും ടീസറിനായി ഡബ്ബ് ചെയ്യുന്നത് കാണാന്‍ കഴിയും. ലൈക്ക പ്രൊഡക്ഷന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ആമസോണിന് വിറ്റുപോയത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.

റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

ഛായാഗ്രഹണം രവിവര്‍മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിങും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

Content Highlight : Ponniyin Selvan teaser dubbing bts video released