'ഇന്ത്യ ആരുടെയും തന്തയുടെ വകയല്ല'; സിനിമയില്‍ മാസായ പൃഥ്വിരാജ് ഡയലോഗ്
Film News
'ഇന്ത്യ ആരുടെയും തന്തയുടെ വകയല്ല'; സിനിമയില്‍ മാസായ പൃഥ്വിരാജ് ഡയലോഗ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th April 2022, 4:29 pm

2021 ജനുവരിയിലായിരുന്നു ജന ഗണ മനയുടെ ടീസര്‍ പുറത്തിറങ്ങിയത്. ടീസറിലെ രാഷ്ട്രീയ പരാമര്‍ശത്തിന്റെ പേരില്‍ അന്ന് തന്നെ ചിത്രം ചര്‍ച്ചയായിരുന്നു. ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത് എന്ന് പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് ചര്‍ച്ചയായത്.

സിനിമ ഇറങ്ങിയപ്പോഴും സമകാലിക ഇന്ത്യന്‍ സമൂഹത്തിലേയും രാഷ്ട്രീയത്തിലേയും നിരവധി സംഭവങ്ങളാണ് ചിത്രത്തിലൂടെ കടന്നു പോകുന്നത്. ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധതയും ജാതിരാഷ്ട്രീയവും വോട്ട് രാഷ്ട്രീയവുമെല്ലാം ജന ഗണ മനയില്‍ ചര്‍ച്ചാവിഷയങ്ങളാവുന്നുണ്ട്.

ജാനാധിപത്യ വിരുദ്ധതക്കും ഫാഷിസത്തിനും എതിരെ കൃത്യമായ നിലപാട് സിനിമ സ്വീകരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നു.

ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിഷേധക്കാരെ വസ്ത്രത്തിലൂടെ തിരിച്ചറിയാം എന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്. ഇതിന് പിന്നാലെ തന്നെ വിന്‍സി അലോഷ്യസ് അവതരിപ്പിച്ച കഥാപാത്രമായ ഗൗരി അയാളോടുള്ള വെല്ലുവിളിയായി തന്റെ കയ്യിലുള്ള ഷാള്‍ തലയിലൂടെ ധരിച്ചുകൊണ്ട് പോകുന്നത് സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തമായ ഒരു പ്രതിഷേധം കൂടിയാവുകയാണ്.

ഒപ്പം കര്‍ഷക സമരത്തിനിടിയില്‍ പ്രതിഷേധക്കാരെ വസ്ത്രത്തിലൂടെ തിരിച്ചറിയാം എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും ഈ രംഗങ്ങള്‍ ഓര്‍മിപ്പിച്ചു.

കോളേജിലെ പ്രതിഷേധത്തിലേക്കുള്ള പൊലീസ് ആക്രമണത്തില്‍ ഗൗരി തല്ലാന്‍ വരുന്ന പൊലീസിന് നേരെ കൈ ചൂണ്ടിയത്, പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരത്തിനിടയില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ ആയിഷ പൊലീസിന് നേരെ വിരല്‍ ചൂണ്ടിയ പ്രശസ്ത ചിത്രത്തെ ഓര്‍മിപ്പിക്കുന്നു.

Meet the women protesters trending on Twitter after the Jamia standoff- The New Indian Express

ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന റിപബ്ലിക്ക് ടി.വി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ആന്റി- നാഷണലിസ്റ്റുകളെന്ന് വിളിക്കുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ മന്ത്രി തന്നെ ഇവിടെ നോട്ടും നിരോധിക്കും വേണമെങ്കില്‍ വോട്ടും നിരോധിക്കും എന്ന് പറയുന്നണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പൃഥ്വിരാജും ഈ ഡയലോഗ് പറഞ്ഞിരുന്നു.

ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളിലെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും വരുന്ന പിന്നാക്ക വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതീയ വിവേചനങ്ങളും ചിത്രത്തില്‍ പ്രതിപാതിക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പിലെ തന്റെ ജന്മത്തെ കുറ്റപ്പെടുത്തിയുള്ള വാചകങ്ങള്‍ 2016 ല്‍ ഹൈദരബാദ് സര്‍വകാലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടെ ആത്മഹത്യ കുറിപ്പിനോട് സാമ്യമുള്ളതായിരുന്നു.

രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പറഞ്ഞ ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗും ശ്രദ്ധിക്കപ്പെട്ടു. ജന ഗണ മന അവസാനിക്കുമ്പോള്‍ ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നതുള്‍പ്പെടെയുള്ള ഗൗരിയുടെ ഡയലോഗുകളും ചര്‍ച്ചയാവുന്നുണ്ട്.

Jana Gana Mana (2022) - Movie | Reviews, Cast & Release Date - BookMyShow

സോഷ്യല്‍ മീഡിയയിലും ജന ഗണ മനയെ പറ്റിയുള്ള ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്.

ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജേക്‌സ് ബിജോയ്.

Content Highlight: Political references in Jana Gana Mana discussed